കോഴിക്കോട് : തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. നഗരസഭകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുകൾ കണക്കിലെടുത്താൻ എൻ.ഡി.എക്ക് സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ട് നേടാൻ കഴിഞ്ഞെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാലക്കാട് നഗരസഭയിൽ വൻ വിജയം നേടാൻ കഴിഞ്ഞു. പന്തളം നഗരസഭ പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിലും വർക്കലയിലും ഒരു സീറ്റിനാണ് ഞങ്ങൾക്ക് ഭരണം നഷ്ടപ്പെട്ടത്. മുസ്ലിം ലീഗിന് ആധിപത്യമുള്ള മലപ്പുറം ജില്ലയിലെ ചില നഗരസഭകളൊഴികെ കേരളത്തിലെ ഏതാണ്ടെല്ലാ നഗരസഭകളിലും ബിജെപി പ്രതിനിധികളുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 300ൽ അധികം പഞ്ചായത്തുകളിൽ പ്രാതിനിധ്യം ലഭിച്ചു.

ദേശീയ ജനാധിപത്യത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം ത്രികോണ മത്സരത്തിന് പകരം ബിജെപിയും ഇരുമുന്നണികളിലൊന്നുമായി നേരിട്ടുള്ള മത്സരമായിരുന്നു നടന്നത്. 2800 സ്ഥലങ്ങളിൽ എൻ.ഡി.എ രണ്ടാമതെത്തിയത് ഇതിന്റെ ഉദ്ദാഹരണമാണ്. ബിജെപിയെ തോല്പിക്കാൻ ഇരുമുണണികളും പരസ്പരം വോട്ടു മറിച്ചതുകൊണ്ടാണ് 1200 സീറ്റുകളിൽ പാർട്ടി നേരിയ വോട്ടിന് രണ്ടാം സ്ഥാനത്തായത്. സിപിഎം ശക്തികേന്ദ്രമായ തലശ്ശേരി നഗരസഭയിലെ കുയ്യാലി വാർഡിൽ ബിജെപി - എൻ.ഡി.എ സ്ഥാനാർത്ഥി യു.ഡി.എഫിനോട് 34 വോട്ടിന് തോറ്റപ്പോൾ എൽ.ഡി.എഫിന് 70 വോട്ട് മാത്രമാണ് കിട്ടിയത്. സിപിഎം ഇവിടെ യു.ഡി.എഫിന് വോട്ടുമറിക്കുകയായിരുന്നു.

ബിജെപിയെ തോല്പിക്കാൻ എൽ.ഡി.എഫും-യു.ഡി.എഫും ഒത്തുചേർന്നതിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തലയാണ്. യാദവകുലം മുടിയുമെന്നതുപോലെ ബിജെപി തകരുമെന്ന പറഞ്ഞ ചെന്നിത്തലയുടെ പ്രഖ്യാപനം വോട്ട് മാറ്റിചെയ്യാൻ അണികളോടുള്ള സന്ദേശമായിരുന്നു. എന്നാൽ ബിജെപിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫിനെ പിന്തുണച്ച യു.ഡി.എഫിന്റെ കഥ കഴിയുകയാണ് ചെയ്തത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്വന്തം പഞ്ചായത്തിൽ എൽ.ഡി.എഫിനെ എതിർക്കുമോ എന്ന് വ്യക്തമാക്കണം. പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം കിട്ടാതിരിക്കാൻ ഇരുമുന്നണികളും ഒത്തുചേരുകയാണ്. ചെന്നിത്തലയുടെ നാടായ ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത്, പാണ്ടനാട്, തിരുവൻവണ്ടൂർ, ചെന്നിത്തല പഞ്ചായത്തുകളിൽ ബിജെപി യാണ് ഒന്നാം കക്ഷി. ഇവിടെയെല്ലാം എൽ.ഡി.എഫുമായി ചേർന്ന് യു.ഡി.എഫ് ഭരിക്കാൻ പോകുകയാണ്. അങ്ങനെ ചെയ്താൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് സുരേന്ദ്രൻ യു.ഡി.എഫ് നേതൃത്വത്തെ ഓർമ്മിച്ചു. അത് കോൺഗ്രസിന്റെ രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് നയിക്കുക. ബിജെപിയെ തകർക്കാൻ എൽ.ഡി.എഫുമായി ധാരണ ഉണ്ടാക്കിയ തിരുവനന്തപുരം കോർപറേഷനിൽ 75 വാർഡുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയ കാര്യം സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കാസർകോട് ജില്ലയിലെ കാറടുക്ക, ബദിയടുക്ക. കുംബഡാജെ, വൊർക്കാടി, മീഞ്ച, കുമ്പള, പൈവളിക പഞ്ചായത്തുകളിലും മഞ്ചേശ്വരം ബ്‌ളോക്കിലും യു.ഡി.എഫ്, എൽ.ഡി.എഫ്, എസ്. ഡി.പി.ഐ സഖ്യം വരികയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഈ സഖ്യം ഉണ്ട്. ഞങ്ങൾക്കനുകൂലമായി ജനവിധിയുള്ള പഞ്ചായത്തുകളിൽ ജനവിധിയെ അട്ടിമറിച്ച് നിങ്ങൾ ഒരുമിച്ച് ഭരിച്ചാൽ അത് ജനങ്ങൾ മനസ്സിലാക്കിക്കൊള്ളും. അങ്ങനെയാണെങ്കിൽ ചില കാര്യങ്ങൾ ഞങ്ങൾക്കും സ്വീകരിക്കേണ്ടിവരും. പല കൊല കൊമ്പന്മാരുംഅടുത്ത നിയമസഭ കാണില്ല. തിരഞ്ഞെടുപ്പിൽ പിന്നെയെന്തിനാണ് രണ്ടു മുന്നണിയായി മത്സരിക്കുന്നതെന്ന് വ്യക്താക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ക്രോസ് വോട്ടിങ്ങ് നടന്ന സ്ഥലങ്ങിൽ ഇരുമുന്നണികളെയും തുറന്നു കാട്ടാൻ തങ്ങൾ ഗൃഹസമ്പർക്കം നടത്തും. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ എന്നിവർ പങ്കെടുത്തു.