തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളം ആര് ഭരിക്കണമെന്ന് എൻ.ഡി.എ തീരുമാനിക്കുമെന്നും കെ. സുരേന്ദ്രൻ. ഒരു ചാനലിനോട് പ്രതികരിച്ചു. ഒന്നുകിൽ ബിജെപി കേരളം ഭരിക്കും അല്ലെങ്കിൽആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. എൻ.ഡി.എ ഇല്ലാതെ ആർക്കും ഇവിടെ ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭയിൽ നിർണായകമായ സാന്നിദ്ധ്യമായി എൻ.ഡി.എ ഉണ്ടാകും. പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാൽ ഞങ്ങൾ ഭരണത്തിലെത്തുമെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. യു.ഡി.എഫിനകത്തും എൽ.ഡി.എഫിനകത്തും അത്രസന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേർ കോൺഗ്രസിലും സി.പിഎമ്മിലുമിരിക്കുന്നു.

ഫലപ്രദമായ ഒരു മാർഗം തെളിഞ്ഞുവരുമ്പോൾ പല മാറ്റങ്ങളുമുണ്ടാവും. എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന ബൈപോളാർ രാഷ്ട്രീയം കേരളത്തിൽ അവസാനിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു