തിരുവനന്തപുരം: വനിതാകമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈൻ രാജിവെച്ചത് നിൽക്കക്കള്ളിയിലില്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പരാതി പറയാൻ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച വനിതാകമ്മീഷൻ അദ്ധ്യക്ഷയ്‌ക്കെതിരെ ശക്തമായ രോഷമാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടി ആയതോടെ പിടിച്ചുനിൽക്കാനാവാതെ വന്നതുകൊണ്ടാണ് അവർക്ക് രാജിവെക്കേണ്ടി വന്നത്.

ജോസഫൈന്റെ രാജിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. വനിതാകമ്മീഷനിൽ പാർട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വേണ്ടത്. പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണം.

സ്ത്രീകൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ധാരാളം വനിതകൾ കേരളത്തിലുണ്ട്. സിപിഎം നേതാവായതു കൊണ്ടാണ് പാലക്കാട് പികെ ശശിയുടെ വിഷയത്തിൽ ഉൾപ്പെടെ ജോസഫൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവർക്ക് ആരെയും പേടിക്കാതെ സമൂഹത്തിൽ ജീവിക്കാനും സാഹചര്യമൊരുക്കുന്നതിൽ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു.