കോഴിക്കോട്: വിവാദ മരംമുറി ഉത്തരവ് ഇറക്കിയതു മുൻ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദേശത്തെ തുടർന്നാണെന്നു വ്യക്തമായതിനാൽ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പുറത്തുവരുന്ന തെളിവുകളെന്നും സുരേന്ദ്രൻ പറഞ്ഞു.

ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മുന്മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നുള്ളത് ഫയലിൽനിന്നു വ്യക്തമാണ്.

രാജകീയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെട്ടു. റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമ വകുപ്പിന്റെയും അഡീഷനൽ എജിയുടെയും ഉപദേശം വാങ്ങണമെന്ന് വ്യക്തമാക്കിയിട്ടുള്ള മന്ത്രി തന്നെയാണ് ഉത്തരവിന് സമ്മർദം ചെലുത്തിയിരിക്കുന്നത്.

കർഷകരെ സഹായിക്കാനെന്ന വ്യാജേന സിപിഎമ്മിനും സിപിഐക്കും തിരഞ്ഞെടുപ്പിനു ഫണ്ട് സമാഹരിക്കാനാണു വനംകൊള്ളയ്ക്ക് ഉത്തരവിട്ടത്. ചന്ദ്രശേഖരനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവണം. പാർട്ടിയുടെ മന്ത്രി ചെയ്ത നിയമവിരുദ്ധ പ്രവർത്തനത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.