മലപ്പുറം:രാജ്യത്തെമ്പാടുമുള്ള അധിനിവേഷ വിരുദ്ധവും സ്വാതന്ത്ര്യ പ്രേരിതവുമായ സമരങ്ങളിലെ പോരാളികളെയും പ്രദേശങ്ങളെയും മതവും ജാതിയും നോക്കി തരംതിരിക്കാനും തമസ്‌കരിക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന മതരാഷ്ട്ര നിർമ്മിതിയുടെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി കെ.ടി ജലീൽ. സ്വതന്ത്ര സമര ചരിത്രഗ്രന്ഥങ്ങളിൽ നിന്നും മലബാറിലെ ഖിലാഫത്ത് സമരത്തെ വെട്ടി മാറ്റുന്ന കേന്ദ്ര ചരിത്ര ഗവേഷണ വിഭാഗത്തിന്റെ നീക്കത്തിന്നെതിരെ ഐ.എൻ.എൽ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലബാറിലെ ഖിലാഫത്ത് സമരത്തെ തമസ്‌കരിച്ച് സംഘ് പരിവാർ നിർമ്മിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രം പൂവില്ലാതെ പൂക്കളം തീർക്കുന്ന ഏർപ്പാട് മത്രമായി പരിണമിക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്രാജ്യത്വ അനുകൂലികളായ ജന്മിമാരോടും, അധിനിവേഷ ശക്തികളായ ബ്രീട്ടഷുകാരോടും ഒരേ സമയം ഏറ്റുമുട്ടേണ്ടി വന്ന കുടിയാന്മാരുടെ സമരമാണ് മലബാറിലെ ഖിലാഫത്ത് സമരം.ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഇരകളായവരാണ് മലബാറിലെ മനുഷ്യരെന്നും മുഖ്യപ്രഭാഷണം നടത്തിയ ചരിത്രകാരൻ ഡോ: കെ.കെ. എൻ കുറുപ്പ് പ്രസ്ഥാവിച്ചു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സിക്രട്ടറി കാസിം ഇരിക്കൂർ, കേളുവേട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ, ഗ്രന്ഥകാരൻ ജാഫർ ഈരാറ്റുപ്പേട്ട, എൻ.വൈ.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീർ പയ്യനങ്ങാടി, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം ഒ.ഒ ശംസു എന്നിവർ പ്രസംഗിച്ചു. ഐ.എൻ എൽ മലപ്പുറം ജില്ല പ്രസിഡന്റ് സമദ് തയ്യിൽ ആധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സിക്രട്ടറി സി.പി അൻവർ സാദത്ത് സ്വാഗതവും ട്രഷറർ നാസർ ചെനക്കലങ്ങാടി നന്ദിയും പറഞ്ഞു.