കോഴിക്കോട്: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മറുപടിയുമായി കെടി ജലീൽ. 'സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ.'' സ്വപ്നയുടെ ആരോപണങ്ങളെ തള്ളി ജലീൽ പറഞ്ഞു. ആരോപണങ്ങളിൽ കൂടുതൽ ഇപ്പോൾ പറയാനില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.

2016ൽ മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോൾ മറന്നു വെച്ച ഒരു ബാഗ് ശിവശങ്കറിന്റെ ആവശ്യപ്രകാരം ദുബായിൽ എത്തിച്ചിരുന്നെന്നും ഇതിൽ കറൻസിയായിരുന്നെന്നുമാണ് സ്വപ്ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞുത്.

സ്വപ്ന സുരേഷ് പറഞ്ഞത് ഇങ്ങനെ: 'മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുന്മന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്‌തെന്നും രഹസ്യമൊഴിയായി നൽകിയിട്ടുണ്ട്.''

'2016ൽ മുഖ്യമന്ത്രി ദുബായിൽ പോയ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് കോൺസുലേറ്റിൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നു വച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് ദുബായിൽ എത്തിക്കണമെന്നായിരുന്നു ആവശ്യം. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതിൽ കറൻസിയായിരുന്നെന്ന് സ്‌കാനിങ് മെഷീനിൽ സ്‌കാൻ ചെയ്തപ്പോൾ മനസിലായി. ഇതോടെയാണ് എല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങൾ ഇപ്പോൾ എനിക്ക് പറയാൻ സാധിക്കില്ല.''

'പിന്നീട് പല തവണ കോൺസുൽ ജനറലിന്റെ ജവഹർ നഗറിലെ വീട്ടിൽനിന്ന് ബിരിയാണി വെസൽസ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതിൽ മെറ്റലിന് സമാനമായ ഭാരമുണ്ടായിരുന്നു. തുടർന്ന് സംഭവിച്ച കാര്യങ്ങൾ മൊഴികളിൽ നൽകിയിട്ടുണ്ട്. കൂടുതൽ പറയാൻ സാധിക്കില്ല. എല്ലാവരുടെയും പങ്കാളിത്തത്തെക്കുറിച്ചും മൊഴി നൽകിയിട്ടുണ്ട്. നേരത്തെ നൽകിയ മൊഴികളിൽ നിന്ന് വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് മറ്റ് അജണ്ടകളില്ല. അന്വേഷണം കാര്യക്ഷമമാകണം.''