കാബൂൾ: അഫ്ഗാനിസ്ഥാനിൽ അഷ്‌റഫ് ഗനി ഭരണകൂടത്തെ അട്ടിമറിച്ച് താലിബൻ അധികാരം പിടിച്ചതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള അഫ്ഗാൻ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. സുരക്ഷിത ഇടങ്ങൾ തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്ന് പുറത്തുവരുന്നത്.

കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്ന അതിദാരുണമായ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയിൽ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചതെന്ന് ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

 

യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചെന്നു കരുതുന്ന 3 പേരെങ്കിലും വിമാനം പറന്നുയർന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

വിമാനത്തിൽ നിന്ന് ചിലർ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതായി കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. 'വിമാനത്തിന്റെ ടയറുകൾക്കു സമീപം ഒളിച്ചിരുന്നോ ചിറകിൽ പിടിച്ചു കിടന്നോ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ കാബൂളിലെ താമസക്കാരുടെ വീടിനു മുകളിലാണു വന്നു വീണത്. കാബൂളിലെ ദൗർഭാഗ്യ സംഭവങ്ങളുടെ തുടർച്ചയായാണ് അവർക്കു ജീവൻ നഷ്ടമായത്' അഫ്ഗാൻ ചാനലായ ടോളോ ന്യൂസിലെ ജിവനക്കാരൻ താരിഖ് മജീദി പറഞ്ഞു. ട്വിറ്ററിലെ കുറിപ്പിനൊപ്പം സംഭവത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു.

 

റൺവേയിൽ നൂറുകണക്കിന് ആളുകൾ യുഎസ് വ്യോമസേനയുടെ വിമാനത്തിനു പിന്നാലെ ഓടുകയും വിമാനത്തിന്റെ ചിറകിൽ പിടിച്ചുകയറാൻ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോകളും പുറത്തുവന്നു. കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ടു കുറഞ്ഞത് 5 പേരെങ്കിലും മരിച്ചതായാണു റിപ്പോർട്ടുകൾ.

വിമാനത്തിൽ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അഞ്ചുപേർ മരിച്ചതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ വിമാനത്താവളത്തിൽനിന്ന് വെടിയൊച്ചകൾ കേട്ടതായും ചില മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. വെടിവെപ്പിലാണോ മരണം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിടുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ വിമാനത്താവള ടെർമിനലിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങൾ എത്തിയത് വിമാനത്താവളത്തിൽ വലിയ തിക്കുംതിരക്കും സൃഷ്ടിച്ചു. പരിഭ്രാന്തരായ ജനങ്ങൾ വിമാനത്തിൽ തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പേർ മരിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പുണ്ടായതായും വിമാനത്താവളത്തിൽനിന്ന് പ്രാദേശിക പത്രപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളിൽ ചിലതിൽ വെടിയൊച്ചകൾ കേൾക്കാമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അമേരിക്കൻ സേന ആകാശത്തേക്ക് വെടിയുതിർത്തതാണെന്ന് ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ വ്യോമസേനയുടെ ഏതാനും വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിൽ ഉണ്ട്.

ഇതിനിടെ, അഫ്ഗാന്റെ വ്യോമമാർഗം അടച്ചതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വൈമാനികർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അമേരിക്കയിൽനിന്ന് എത്തിയ വിമാനങ്ങൾ ഇതോടെ വഴിതിരിച്ചുവിട്ടതായി അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള ഷിക്കാഗോ-ന്യൂഡൽഹി  (AI-126), സാൻഫ്രാൻസിസ്‌കോ-ന്യൂഡൽഹി  (AI-174)  വിമാനങ്ങളാണ് ഗൾഫ് മേഖലയിലൂടെ വഴിതിരിച്ചുവിട്ടത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.