തിരുവനന്തപുരം: അരി കൊടുക്കാൻ താൽപ്പര്യം കാട്ടുന്നതിന് പിന്നിൽ രാഷ്ട്രീയം ചർച്ചയാക്കിയത് സിപിഎമ്മാണ്. എന്നാൽ കേന്ദ്ര സർക്കാർ നൽകിയ 5.96 ലക്ഷം കിലോ കടല സംസ്ഥാനത്തെ പതിനാലായിരത്തിൽപരം റേഷൻ കടകളിൽ കിടന്നു നശിക്കുന്നുവെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. അരിയും കിറ്റും തടസ്സപ്പെടുത്തുന്നത് പ്രതിപക്ഷമാണെന്ന് ആരോപിക്കുന്നവർ എ്ന്തുകൊണ്ട് കടല കൊടുക്കുന്നില്ലെന്ന ചോദ്യമാണ് സജീവമായി ഉയരുന്നത്.

അതായത് അന്നം മുടക്കിയായി പിണറായി സർക്കാരും മാറുകയാണെന്ന വിലയിരുത്തലാണ് കടല ചർച്ചയാക്കുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെവൈ) പദ്ധതി പ്രകാരം ലഭിച്ച കടലയാണിത്. ഈ പദ്ധതി പ്രകാരം 5 കിലോ അരിക്കൊപ്പം ഒരു കിലോ പയറോ കടലയോ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്കു കേന്ദ്ര സർക്കാർ അനുവദിച്ചു. കഴിഞ്ഞ വർഷം നവംബർ വരെയായിരുന്നു വിതരണം. കേരളത്തിലെ 37 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്കാണ് ഇതു വിതരണം ചെയ്യേണ്ടിയിരുന്നത്.

കേന്ദ്രത്തിൽ നിന്നു ലഭിച്ച കടല ഗോഡൗണുകളിൽ സൂക്ഷിക്കാതെ ഭൂരിഭാഗം സ്റ്റോക്കും റേഷൻ കടകൾക്കു നൽകി. ആവശ്യത്തിലേറെ കടല എത്തിയതോടെ ഇതു വിതരണം ചെയ്യാതെ കിടന്നു നശിച്ചു. ചില ജില്ലകളിൽ ഭക്ഷ്യ കമ്മിഷൻ നടത്തിയ പരിശോധനയിൽ പുഴുവരിച്ചു പൊടിഞ്ഞ നിലയിൽ കടല കണ്ടെത്തുകയും ചെയ്തു. ഭക്ഷ്യക്കിറ്റുകളിൽ കടല ഉൾപ്പെടുത്താൻ തീരുമാനിച്ചു സപ്ലൈകോ ഫെബ്രുവരിയിൽ നിർദ്ദേശം നൽകിയെങ്കിലും നടപ്പായില്ല. ഇതോടെ കടല വെറുതേ പോയി. കോടികളാണ് ഇത്തരത്തിൽ നഷ്ടമായത്. ടെൻഡർ കൊടുത്ത് സാധാനങ്ങൾ വാങ്ങി കിറ്റിൽ നിറയ്ക്കാനാണ് സർക്കാരിന് താൽപ്പര്യം. അതുകൊണ്ടാണ് കിറ്റിൽ ഈ കടല കയറാതെ പോയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന രാജ്യം ലോക്ക് ഡൗണിലായ പശ്ചാത്തലത്തിൽ ദരിദ്ര കുടുംബങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കുമായി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് േ്രകന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അന്ന യോജന: 80 കോടി ദരിദ്രരെ ഉൾപ്പെടുത്തിയുള്ള പദ്ധതി പ്രകാരം ഒരാൾക്ക് നിലവിൽ ലഭിക്കുന്ന 5 കിലോ അരിക്ക് പുറമേ 5 കിലോ അരി കൂടി സൗജന്യമായി ലഭ്യമാകിയിരുന്നു. ഇതോടൊപ്പം ഒരു കിലോ പയറും സൗജന്യമായി ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.

സൗജന്യ കടല വിതരണം, പാവപ്പെട്ടവർക്ക്, അഞ്ച് മാസത്തേയ്ക്ക് ഭക്ഷണത്തിൽ പ്രോട്ടീൻ ലഭിക്കുന്നതിന് സഹായകമാകുമെന്നായിരുന്നു കേന്ദ്ര വിലയിരുത്തൽ. 2015 - 16 കാലയളവിൽ രൂപീകരിച്ച സംഭരണ ശേഖര സംവിധാനത്തിൽ നിന്നുമാണ് കടല വിതരണം ചെയ്തത്. പി.എം.ജി.കെ.എ.വൈ.യുടെ നീട്ടിയ പദ്ധതി കാലയളവിലേയ്ക്ക് നൽകാനാവശ്യമായ ശേഖരം, ഗവൺമെന്റിന്റെ പക്കലുണ്ടായിരുന്നു.

അതാണ് കേരളം വെറുതെ കളഞ്ഞത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ആദ്യഘട്ടത്തിൽ (ഏപ്രിൽ മുതൽ ജൂൺ വരെ) 4.63 ലക്ഷം മെട്രിക് ടൺ പയറുവർഗങ്ങൾ, രാജ്യമെമ്പാടുമുള്ള 18.2 കോടി കുടുംബങ്ങൾക്ക് നൽകിയിരുന്നു.