തിരുവനന്തപുരം: സംസ്ഥാനം വലിയ കടക്കെണിയിൽ. ഇതിൽ നിന്ന് രക്ഷപ്പെടാൻ വീണ്ടും കടപ്പത്രം ഇറക്കുകയാണ് സർക്കാർ. സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുവെന്നാണ് വിശദീകരണം. ഇതിനായുള്ള ലേലം ഓഗസ്റ്റ് 24ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഇതു വ്യക്തമാക്കുന്നതാണ് കടപ്പത്ര നീക്കം.

ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് നൽകിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകിയില്ല. അടുത്ത മാസവും ശമ്പളം നൽകാൻ മതിയായ പണം കിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കടപ്പത്രം ഇറക്കിയത്. ഇതോടെ ഈ മാസം ശമ്പളം അടുത്ത മാസം ആദ്യം കൊടുക്കാൻ കഴിയും.

നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കോവിഡ് ആയതു കൊണ്ട് തന്നെ ഖജനാവിലേക്ക് മതിയായ അളവിൽ പണം എത്തുന്നില്ല. ഈ സാഹചര്യത്തിൽ ശമ്പളം കൊടുക്കുക പോലും വലിയ പ്രതിസന്ധിയാണ്. 2020ലെ ഓണത്തിന് 6000 കോടിയിലേറെ രൂപയാണ് മൊത്തം വേണ്ടിവന്നത്. ശമ്പള പരിഷ്‌കരണം നടത്തിയതിനാൽ ഇക്കുറി 8000 കോടിയിലധികം വേണ്ടിവരും. കഴിഞ്ഞ ഓണത്തിന് അഡ്വാൻസായി 15,000 രൂപവരെയാണ് നൽകിയത്.

ഈ സാഹചര്യത്തിലാണ് ഇത്തവണ അഡ്വാൻസ് നൽകാത്തത്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ 4000 രൂപ മുതൽ 10,000 രൂപ വരെ വർധനയുണ്ടായിട്ടുണ്ട്. ഓണക്കാലത്ത് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഓണവിപണിയിലെത്തുന്നതിനാൽ നല്ലൊരു തുക നികുതിയായി തിരികെ കിട്ടുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അതും നടന്നില്ല. ഇതും പ്രതിസന്ധി മൂർച്ഛിക്കും.

ജീവനക്കാർക്ക് ശമ്പള വർദ്ധന ഉൾപ്പടെ കോവിഡ് പ്രതിസന്ധിക്കിടെയും നൽകിയിരുന്നു. നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. ഇതെല്ലാം ശമ്പള ചെലവ് കൂട്ടിയിട്ടുണ്ട്. കോവിഡിൽ പത്തു ലക്ഷത്തിലേറെ പ്രവാസികൾ തൊഴിൽരഹിതരായി മടങ്ങിയെത്തുന്നതോടെ കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്നത് കനത്ത ആഘാതമാണെന്ന് സർക്കാർ തിരിച്ചറിയുന്നുണ്ട്.

ലക്ഷക്കണക്കിന് മലയാളികൾ ആശ്രയിക്കുന്ന പ്രമുഖ പണകൈമാറ്റ സ്ഥാപനത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ ഇതിന്റെ സൂചനയാണ്. പ്രവാസികൾ അയയ്ക്കുന്ന പണത്തിൽ 57 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നാട്ടിലേക്കുള്ള പണം കൈമാറ്റ ഇടപാടുകൾ 70 ശതമാനംവരെ കുറഞ്ഞു. നാൽപതു ലക്ഷം മലയാളികൾ രാജ്യത്തിന് പുറത്ത് തൊഴിൽ ചെയ്യുന്നുണ്ട്. ഇതിൽ 67 ശതമാനം പ്രൊഫഷനലുകളും ബാക്കിയുള്ളവർ അവിദഗ്ധ തൊഴിലാളികളുമാണ്. രണ്ടു വിഭാഗങ്ങളെയും കോവിഡ് പ്രതിസന്ധി ഒരുപോലെ ബാധിച്ചു. കേരളത്തിലെ ബാങ്കുകളിൽ ഉള്ള ആകെ പ്രവാസി
നിക്ഷേപം 2020 ൽ മുൻവർഷത്തേക്കാൾ 14 ശതമാനം കൂടിയിരുന്നു.

കോവിഡ് പ്രതിസന്ധിയോടെ പ്രവാസം എന്നന്നേക്കുമായി അവസാനിപ്പിച്ചവർ അവരുടെ സമ്പാദ്യങ്ങൾ കേരളത്തിലേക്ക് മാറ്റിയതാണ് ഇതിനു കാരണമെന്ന് ബാങ്കിങ് വിദഗ്ദ്ധർ അനുമാനിക്കുന്നു. ഇതിനെയൊരു നല്ല സൂചനയായി കരുതാനാവില്ല. കാരണം ഓരോ വർഷവും പ്രവാസി കേരളത്തിലേക്ക് അയച്ചിരുന്ന 95,000 കോടി രൂപയെന്ന ഭീമമായ തുകയിൽ വലിയ കുറവ് പ്രകടമായിരിക്കുന്നു. രാജ്യമാകെ പ്രവാസി വരുമാന നഷ്ടം ഉണ്ടെങ്കിലും കേരളത്തിൽ വ്യാപാര മേഖലയിൽ അടക്കം ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകും.

കേരളത്തിന്റെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധി നേരിടുന്ന കാലത്താണ് ലക്ഷക്കണക്കിന് മലയാളികൾ തൊഴിൽ നഷ്ടമായി തിരികെയെത്തിയിരിക്കുന്നത്. ദൈനംദിന ചെലവുകൾക്കുപോലും വായ്പകൾ ആശ്രയിക്കുന്ന കേരളംപോലൊരു സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയാണ് ഇത് നൽകുന്നത്.