കൊച്ചി: കാലപ്പഴക്കത്തെ തുടർന്നുള്ള അറ്റകുറ്റപ്പണികൾക്കു മുന്നോടിയായി കാലടി ശ്രീശങ്കര പാലത്തിന്റെ സമഗ്രമായ പരിശോധനകൾ ആരംഭിച്ചു. എംസി റോഡിൽ കാലടി വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയാണ് പരിശോധന പുരോഗമിക്കുന്നത്. 18 വരെ ഗതാഗതം പൂർണമായും നിരോധിക്കും. പിന്നീടു ഭാഗികമായി യാത്രയ്ക്ക് സംവിധാനം ഒരുക്കും.

ഡൽഹിയിൽനിന്നുള്ള സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് പരിശോധന. പത്തു ദിവസം നീളുന്ന പഠനം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തുന്നതിനാൽ വാഹനങ്ങൾക്കു പോകാൻ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ മാപ്പിൽ ഉൾപ്പടെ പാലം തൽക്കാലത്തേയ്ക്ക് അടച്ചിട്ട വിവരം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

നിലവിൽ അങ്കമാലി പെരുമ്പാവൂർ റൂട്ടിലുള്ള ബസുകൾ പാലത്തിന്റെ ഇരുവശത്തും സർവീസ് അവസാനിപ്പിക്കുകയാണ്. പാലത്തിലൂടെ ഈ മൂന്നു ദിവസങ്ങളിലും കാൽനട യാത്രയ്ക്കും നിരോധനമുണ്ട്.

കാലപ്പഴക്കം മൂലം പാലത്തിനുണ്ടായിട്ടുള്ള തകരാറുകൾ വിലയിരുത്തി പരിഹാര നടപടികൾ ആവിഷ്‌കരിക്കുകയാണ് ഇപ്പോൾ നടത്തുന്ന പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. 1963ലാണ് ഈ പാലത്തിന്റെ നിർമ്മാണം. 13 സ്പാനുകളിലായി 441.48 മീറ്റർ നീളമുള്ള പാലത്തിന്റെ ഭാരം വഹിക്കാനുള്ള ശേഷിയും കോൺക്രീറ്റിന്റെ ബലവും അറിയുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.

അങ്കമാലിയിൽ നിന്നു മൂവാറ്റുപുഴ ഭാഗത്തേയ്ക്കു പോകേണ്ടവർക്ക് എംസി റോഡിലേയ്ക്കു കയറാതെ ദേശീയ പാതയിലൂടെ ആലുവ ടൗണിലെത്തി കെഎസ്ആർടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര ചെയ്യാം. അങ്കമാലിയിൽ നിന്നു കാലടി റോഡിലേയ്ക്കു തിരിഞ്ഞവർക്ക് കാലടിയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു മലയാറ്റൂരിലെത്തി മലയാറ്റൂർ കോടനാട് പാലം വഴി കയറി വലത്തോട്ടു തിരിഞ്ഞ് കാലടി പെരുമ്പാവൂർ റോഡിലെ വല്ലത്ത് എത്തി യാത്ര ചെയ്യാം. മൂവാറ്റുപുഴയിൽ നിന്നു തൃശൂരിലേയ്ക്കുള്ളവർക്ക് ഈ രണ്ടു വഴികളിലൂടെയും യാത്ര ചെയ്യാം.

മൂവാറ്റുപുഴ ഭാഗത്തു നിന്നു വിമാനത്താവളത്തിൽ പോകേണ്ടവർക്ക് ആലുവ ചുറ്റാതെ പെരുമ്പാവൂരിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് ആലുവ കെഎസ്ആർടിസി റോഡിലൂടെ അഞ്ചു കിലോമീറ്ററ് കഴിയുമ്പോൾ മാറമ്പിള്ളിയിൽ നിന്നു വലത്തോട്ടു തിരിഞ്ഞു തിരുവൈരാണികുളം പാലം വഴി ശ്രീമുലനഗരത്തെത്തി അവിടെ നിന്നു ഇടത്തോട്ടു തിരിഞ്ഞു ചൊവ്വര എത്തുമ്പോൾ വലത്തേക്കു തിരിഞ്ഞു നെടുവന്നൂർ ആവണംകോട് വഴി വിമാനത്താവളത്തിലെത്താം.