മൂന്നാർ: ഹോട്ടൽ ബിൽ നിർമ്മാതാക്കൾ അടയ്ക്കാത്തതിനെ തുടർന്ന് യുവതാരം കാളിദാസ് ജയറാം അടക്കമുള്ള സിനിമാ സംഘത്തെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ഒരു തമിഴ് വെബ് സിരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കാളിദാസ് അടക്കമുള്ളവർ മൂന്നാറിലെത്തിയത്.

സംഘം താമസിച്ച ഹോട്ടലിൽ മുറിവാടകയിനത്തിൽ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് മൂന്നാർ പൊലീസ് എത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ നിർമ്മാണ കമ്പനി പണം അടയ്ക്കുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.

അതേസമയം കോവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ പ്രേക്ഷകപ്രീതി നേടാൻ കാളിദാസിന് കഴിഞ്ഞിരുന്നു. ആമസോൺ പ്രൈമിന്റെ തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ, നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജി സിരീസ് ആയ പാവ കഥൈകൾ, ശരവണന്റെ സംവിധാനത്തിലെത്തിയ തമിഴ് ചിത്രം ഒരു പക്ക കഥൈ എന്നിവയാണ് കാളിദാസിന്റേതായി കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയത്.

ഇതിൽ പാവ കഥൈകളിലെ പ്രകടനം കാളിദാസിന് വലിയ കൈയടി നേടിക്കൊടുത്തിരുന്നു. സത്താർ എന്ന ട്രാൻസ് കഥാപാത്രമായാണ് കാളിദാസ് ചിത്രത്തിൽ എത്തിയത്. സുധ കൊങ്കരയായിരുന്നു കാളിദാസ് അഭിനയിച്ച ലഘുചിത്രത്തിന്റെ സംവിധാനം.