ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശ പരീക്ഷയായ നീറ്റ് സാമൂഹ്യനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് നടൻ കമൽഹാസൻ. ഗ്രാമീണ മേഖലയിൽ നിന്നും ദരിദ്ര ജനവിഭാഗങ്ങളിൽ നിന്നും ഡോക്ടർ ആകണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങളെ തല്ലികെടുത്തുന്നതാണ് നീറ്റ് പരീക്ഷ എന്നും കമൽഹാസൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് മാത്രം മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുന്ന പരീക്ഷയാണ് നീറ്റ് എന്ന ജസ്റ്റിസ് എ കെ രാജൻ റിപ്പോർട്ട് കമൽഹാസൻ പിന്താങ്ങി.

നീറ്റ് പരീക്ഷാ പേടിയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു.ഇതോടെ നീറ്റ് പരീക്ഷയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടന്റെ പ്രതികരണം. 'നീറ്റ് വിദ്യാർത്ഥികളെ കൊല്ലുന്ന പരീക്ഷയാണ്. ഇത് സാമൂഹ്യനീതിക്കും തുല്യതയ്ക്കും എതിരാണ്. ഗ്രാമീണ മേഖലയിൽ നിന്നും ദരിദ്ര ജനവിഭാഗങ്ങളിൽ നിന്നും ഡോക്ടർ ആകണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്ന പരീക്ഷയാണ്.'- കമൽഹാസന്റെ വാക്കുകൾ ഇങ്ങനെ.

നീറ്റ് വന്നതിന് ശേഷം മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. നേരത്തെ 14.44 ശതമാനം ഉണ്ടായിരുന്നത് 1.7 ശതമാനമായാണ് താഴ്ന്നത്. ഇത് നീറ്റ് സാമൂഹ്യനീതിക്ക് എതിരാണ് എന്ന വാദത്തെ ബലപ്പെടുത്തുന്നതാണെന്നും കമൽഹാസൻ ആരോപിച്ചു.

രാജ്യത്ത് മെഡിക്കൽ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്‌നാട് മുൻപന്തിയിലാണ്. നീറ്റ് തുടർന്നാൽ ഇതുവരെയുള്ള നേട്ടം ഇല്ലാതെയാവും.ഒരാളുടെ മാതൃഭാഷയ്ക്കെതിരെയുള്ള മനോഭാവവും നീറ്റ് സൃഷ്ടിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല, രാജ്യത്ത് നിന്ന് തന്നെ നീറ്റ് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.