ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നാം മുന്നണി രൂപീകരിക്കാൻ ലക്ഷ്യമിട്ട് മക്കൾ നീതി മയ്യം സ്ഥാപകൻ കമൽഹാസന്റെ നീക്കങ്ങൾ. ഓപ്രിൽ ആറിന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് നീക്കങ്ങൾ സജീവമാക്കിയത്. മൂന്നാം മുന്നണിയെ നയിക്കുമോ എന്ന ചോദ്യത്തിന് മഴക്കാറ് കൂടുന്നുണ്ട്...മഴ പെയ്യും എന്നായിരുന്നു കമലിന്റെ മറുപടി. ദ്രാവിഡ പാർട്ടികളെ മാറ്റി നിർത്തി പകരം ചെറുപാർട്ടികളെ കൂട്ടി ചേർത്ത് മുന്നാം മുന്നണി ഉണ്ടാക്കാനാണ് കമൽഹാസന്റെയും മക്കൾ നീതി മയ്യം പാർട്ടിയുടെയും തീരുമാനം.

നടൻ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി എൻഡിഎ വിട്ട് കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനൊപ്പം ചേർന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു ശരത് കുമാർ വ്യക്തമാക്കി. സീറ്റ് വിഭജന ചർച്ചയ്ക്കുപോലും വിളിക്കാതെ അപമാനിച്ചതോടെയാണ് എൻഡിഎ വിട്ടതെന്നു ശരത് കുമാർ പറഞ്ഞു.

രാവിലെ ചെന്നൈയിലെ മക്കൾ നീതി മയ്യം ഓഫിസിലെത്തി കമൽഹാസനെ കണ്ടശേഷമാണ് മുന്നണിമാറ്റം പ്രഖ്യാപിച്ചത്. എസ്ആർഎം ഗ്രൂപ്പ് സ്ഥാപകൻ പച്ചമുത്തുവിന്റെ ഇന്തിയ ജനനായക കക്ഷിയുടെ വൈസ് പ്രസിഡന്റ് രവി ബാബുവും കമലുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ സഖ്യത്തിലുള്ള പാർട്ടിയും കമലിനൊപ്പം ചേരുമെന്നാണു സൂചന.മുൻ അണ്ണാ ഡിഎംകെ നേതാവും എംഎൽഎയുമായിരുന്ന പഴ കറുപ്പയ്യയും എംഎൻഎമ്മിൽ ചേർന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സന്നദ്ധ സംഘടന സട്ട പഞ്ചായത്തും കമലിനു പിന്തുണ പ്രഖ്യാപിച്ചു. കൂടുതൽ പേരുമായി കമൽ ചർച്ച തുടരുകയാണ്. നടൻ രജനീകാന്തിന്റെ പിന്തുണ ഉറപ്പിക്കാനും ശ്രമങ്ങൾ തുടരുകയാണ്.