കണ്ണൂർ: മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീ​ഗ് നേതാവുമായ എം.സി.കമറുദ്ദീൻ ജയിൽമോചിതനായി. ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ മാസങ്ങളായി ജയിലിലായിരുന്ന കമറുദ്ദീൻ മുഴുവൻ കേസുകളിലും ജാമ്യം നേടിയതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു കമറുദ്ദീൻ. ജയിലിൽ നിന്നിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കമറുദീൻ തേങ്ങി കരഞ്ഞു.

തനിക്കെതിരെ വലിയ ​ഗൂഢാലോചനയുണ്ടായെന്ന് എംഎൽഎ പറഞ്ഞു. തന്നെ മൂന്ന് മാസം ജയിലിൽ പൂട്ടിയിട്ടു. ഇതിലൊന്നും ആരോടും പരിഭവമില്ല. കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ് രാഷ്ട്രീയക്കാരെന്നും കമറുദ്ദീൻ പറഞ്ഞു. റസാഖ് മാസ്റ്ററുടെ മരണത്തിന് ശേഷം മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ താൻ ജയിച്ചത് കൂടിയ ഭൂരിപക്ഷത്തിനാണ്. അപ്പോൾ മുതലാണ് തുടങ്ങിയതാണ് തനിക്കെതിരെയുള്ള ​ഗൂഢാലോചന. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ വരെ അതിന്റെ ഭാ​ഗമാണ് - കമറുദ്ദീൻ പറഞ്ഞു.

പ്രതി ചേർക്കപ്പെട്ട മുഴുവൻ കേസുകളിലും കോടതിയിൽ നിന്നും ജാമ്യം നേടിയതോടെയാണ് കമറുദ്ദീന്റെ ജയിൽ മോചനം സാധ്യമായത്. ജയിൽ മോചിതനായ എംഎൽഎയെ സ്വീകരിക്കാൻ അണികളും ബന്ധുക്കളും ജയിലിൽ എത്തിയിരുന്നു. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന 6 കേസുകളിൽ കൂടി കഴിഞ്ഞ ദിവസം എംഎൽഎക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന എംഎൽഎ പുറത്തിറങ്ങിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ഇന്നലെ ജാമ്യം ലഭിച്ചത്. ഇതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്.ഫാഷൻ ഗോൾഡ് ജൂവലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽഎ തട്ടിയെടുത്തെന്നാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജൂവലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ നേരത്തെ കേസെടുത്തത്. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജൂവലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. മഞ്ചേശ്വരത്ത് കമറുദ്ദീന് വീണ്ടുമൊരവസരം കൊടുക്കാൻ ഇനി മുസ്ലിം ലീ​ഗ് തയ്യാറാവില്ല എന്നാണ് സൂചന.