കോട്ടയം: തൃശൂർ, ചേർത്തല, ചടയമംഗലം, നെടുമങ്ങാട്-ഈ മണ്ഡലങ്ങളിൽ ജയിക്കുമെന്ന് സിപിഐ പോലും കരുതിയില്ല. മുല്ലക്കര രത്‌നാകരനേയും സി ദിവാകരനേയും തിലോത്തമനേയും വി എസ് സുനിൽകുമാറിനേയും മാറ്റി നിർത്തി എങ്ങനെ മുന്നോട്ട് പോകുമെന്ന് ചോദിച്ചവരും ഉണ്ട്. കാനം രാജേന്ദ്രൻ അതിനുള്ള മറുപടി വെറും നോട്ടത്തിലാണ് ഒതുക്കിയത്. കേരളത്തിൽ ഇടതുതരംഗം ആഞ്ഞടിച്ചപ്പോൾ നിർണായക ശക്തിയായി സിപിഐ മാറുകയാണ്. 25 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് 17 സീറ്റുകളിൽ വിജയം. 2016ൽ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് 19 സീറ്റാണു ലഭിച്ചത്. 2016ൽ പാർട്ടിക്ക് സംസ്ഥാനത്ത് ആകെ ലഭിച്ചത് 16,43,878 വോട്ടാണ് (8.12 ശതമാനം). അങ്ങനെ കാനം സിപിഐയിൽ ക്യാപ്ടൻ പദവി ഉറപ്പിക്കുകയാണ്.

രണ്ട് ടേം നിബന്ധന അതിശക്തമായി കാനം നടപ്പാക്കി. കഴിഞ്ഞ ഭരണ മാറ്റത്തിനു തൊട്ടു മുമ്പാണ് സിപിഐയുടെ സെക്രട്ടറിയായി കാനം എത്തിയത്. അപ്പോൾ തന്നെ സി ദിവാകരനെ പോലുള്ള മുതിർന്ന നേതാക്കളെ മന്ത്രി സ്ഥാനം നൽകാതെ ഒഴിവാക്കി. മുല്ലക്കരയ്ക്കും ബിജി മോൾക്കും സീറ്റ് നൽകിയില്ല. പാർട്ടി വിധേയരായ വിശ്വസ്തരെ മന്ത്രി കസേര നൽകി. അവർ ഭരണത്തിൽ തിളങ്ങുകയും ചെയ്തു. അതിന് ശേഷം വീണ്ടും പരീക്ഷണം. തൃശൂരിൽ വി എസ് സുനിൽകുമാറിനെ മാറ്റരുതെന്ന അഭിപ്രായം സിപിഎമ്മിന് പോലും ഉണ്ടായില്ല. എന്നാൽ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ആരേയും ഇടെപടാൻ അനുവദിക്കാതെ സ്ഥാനാർത്ഥി നിർണ്ണയം നടത്തി.

കൊല്ലത്തും തൃശൂരും കോട്ട കാത്തു. ഇതോടെ ഇടതു മുന്നണിക്ക് അത്യുഗ്രൻ വിജയവുമെത്തി. ഇനി സിപിഐയിൽ എല്ലാം കാനം തിരുമാനിക്കും. സിപിഐ സെക്രട്ടറി സ്ഥാനത്തിനും വെല്ലുവിളിയില്ല. എൽഡിഎഫിലെ രണ്ടാമത്തെ പാർട്ടിയും രണ്ടാമത്തെ നേതാവും ആര് എന്ന കാര്യത്തിൽ ഇനി സന്ദേഹങ്ങളില്ല. 3 തവണ മത്സരിച്ചവരെ ഇത്തവണ സ്ഥാനാർത്ഥിത്വത്തിൽ നിന്നൊഴിവാക്കാൻ സിപിഐ എടുത്ത തീരുമാനം ചൂതാട്ടമായി പലരും വിശേഷിപ്പിച്ചപ്പോഴും കാനം കുലുങ്ങിയില്ല. കണക്കുകൂട്ടിയതിലും തിളക്കമുള്ള വിജയം നേടാൻ കഴിഞ്ഞതു സിപിഐയിലെ കാനത്തിന്റെ ആധിപത്യം ഉറപ്പിക്കും. പല സീറ്റിലും വോട്ട് കുറഞ്ഞെങ്കിലും പരമാവധി സീറ്റിൽ സിപിഐ ജയിച്ചുവെന്നതാണ് വസ്തുത.

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കടന്നാക്രമിച്ച് ആദ്യം രംഗത്ത് വന്നതും കാനമായിരുന്നു. ഇതെല്ലാം ഇടതിന് വോട്ട് സമ്മാനിച്ചുവെന്ന് വേണം വിലയിരുത്താൻ. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായിയുടെ നയങ്ങളെ വിമർശിക്കാതെ ചേർന്നു നടക്കുകയും ചെയ്തു. സികെ ചന്ദ്രപ്പൻ സിപിഐയുടെ സെക്രട്ടറിയായിരുന്നപ്പോൾ എന്നും സിപിഎമ്മുമായി ആശയ ഭിന്നതയായിരുന്നു. കാനവും ഇത് തുടരുമെന്ന് ഏവരു കരുതി. ചന്ദ്രപ്പന്റെ ശിഷ്യൻ എന്ന പ്രതിച്ഛായയായിരുന്നു ഇതിന് കാരണം. എന്നാൽ കാനം വ്യത്യസ്തമായ വഴിയിലൂടെ നീങ്ങി. പിണറായിയെ പിണക്കാതെ മുമ്പോട്ടും പോയി. സിപിഐയിൽ സി ദിവാകരനും കെ ഇ ഇസ്മായിലുമായിരുന്നു കാനത്തിന്റെ എതിരാളികൾ. ഈ രണ്ട് പക്ഷവും ഇനി സിപിഐിൽ അപ്രസക്തം.

മന്ത്രി വി എസ്.സുനിൽകുമാറിനെ മാറ്റി പി.ബാലചന്ദ്രനെ ഇറക്കി കളിക്കാനുള്ള തീരുമാനം പാർട്ടിയിൽ ആശങ്കയുണ്ടാക്കി. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയും കോൺഗ്രസിന്റെ പത്മജ വേണുഗോപാലും മാറിമാറി ലീഡ് പിടിച്ച മണ്ഡലത്തിൽ അവസാന റൗണ്ടുകളിലാണ് ബാലചന്ദ്രൻ കയറിവന്നത്. 946 വോട്ടിനാണു പത്മജയെ പരാജയപ്പെടുത്തിയത്. 2016ൽ വി എസ്.സുനിൽകുമാർ 6,987 വോട്ടിന്റെ ഭൂരിപക്ഷത്തിനു പത്മജ വേണുഗോപാലിനെ തോൽപ്പിച്ച മണ്ഡലമാണിത്. നാട്ടികയിൽ കഴിഞ്ഞ രണ്ടു തവണ വിജയിച്ച ഗീതാ ഗോപിക്ക് സീറ്റ് നൽകാതെയാണു സി.സി.മുകുന്ദനെ കളത്തിലിറക്കിയത്. ഭൂരിപക്ഷം കൂട്ടിയാണു മുകുന്ദൻ വിമർശനങ്ങളെ മറികടന്നത്. യുഡിഎഫിന്റെ സുനിൽ ലാലൂരിനെതിരെ 28,431 വോട്ടിനാണു മുകുന്ദന്റെ ജയം. 2016ൽ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗീതാ ഗോപി യുഡിഎഫിന്റെ കെ.വി.ദാസനെ വീഴ്‌ത്തിയത്.

ശക്തമായ ത്രികോണ മത്സരം നടന്ന ചാത്തന്നൂർ ഹാട്രിക് വിജയം നേടിയ ജി.എസ്.ജയലാലിലൂടെ സിപിഐ നിലനിർത്തി. ഇത്തവണ ഭൂരിപക്ഷം 17,206 വോട്ടായി കുറഞ്ഞു. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യവുമായി കോൺഗ്രസ് നിയോഗിച്ചത് മുതിർന്ന നേതാവ് എൻ.പീതാംബരക്കുറുപ്പിനെയായിരുന്നു. അദ്ദേഹം ബിജെപിയുടെ ബി.ബി.ഗോപകുമാറിനു പിന്നിൽ മൂന്നാമതായി. 2016ൽ ജയലാലിന്റെ ഭൂരിപക്ഷം 34,407 വോട്ട്. ചടയമംഗലം മണ്ഡലത്തിൽ സിപിഐയുടെ പാരമ്പര്യം ഉറപ്പിച്ച് ജെ.ചിഞ്ചുറാണിക്കു വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി എം.എം.നസീറിനെ 13,678 വോട്ടുകൾക്കാണു തോൽപ്പിച്ചത്. 2016ൽ മുല്ലക്കര രത്നാകരൻ 21,928 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 1957ൽ മണ്ഡലം രൂപീകരിച്ച ശേഷം രണ്ടു തവണ മാത്രമെ സിപിഐ സ്ഥാനാർത്ഥികളല്ലാത്തവർ ചടയമംഗലത്തു ജയിച്ചിട്ടുള്ളൂ.

ചിഞ്ചുറാണിക്കെതിരെ സിപിഐയിലും കലാപം ഉണ്ടായി. എന്നാൽ കാനം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അതും വിജയത്തിലേക്ക് എത്തി. പി.എസ്.സുപാലിന്റെ ജയത്തിലൂടെ മണ്ഡലം സിപിഐ നിലനിർത്തി. യുഡിഎഫിന്റെ ലീഗ് സ്ഥാനാർത്ഥി അബ്ദുറഹ്മാൻ രണ്ടത്താണിയെ 37,057 വോട്ടുകൾക്കാണ് സുപാൽ പരാജയപ്പെടുത്തിയത്. 1957 മുതൽ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13 എണ്ണത്തിലും സിപിഐ വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ മൂന്നുവട്ടവും സിപിഐയുടെ കെ.രാജുവായിരുന്നു എംഎൽഎ. 2016ൽ 33,582 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ചേർത്തലയിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ സിപിഐയുടെ പി.പ്രസാദ്, കോൺഗ്രസ് സ്ഥാനാർത്ഥി എസ്.ശരത്തിനെ 6148 വോട്ടുകൾക്കാണു തോൽപിച്ചത്. 2011 ൽ നിലവിൽ വന്ന ചേർത്തല മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സിപിഐയാണ് ജയിച്ചത്. 7196 വോട്ടായിരുന്നു 2016ൽ പി.തിലോത്തമന്റെ ഭൂരിപക്ഷം

ചിറ്റയം ഗോപകുമാറിന് ഹാട്രിക് വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി എം.ജി.കണ്ണനെ 2919 വോട്ടിനാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്. പാർട്ടി വോട്ടുകൾക്കപ്പുറം വ്യക്തിബന്ധങ്ങളും ജനക്ഷേമ നടപടികളും തുണയായി. 1991 മുതൽ 2006 വരെ അടൂരിൽ തുടർച്ചയായി ജയിച്ച കോൺഗ്രസിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണനു ശേഷം 2011ൽ മത്സരിക്കാനിറങ്ങിയ പന്തളം സുധാകരനെ പരാജയപ്പെടുത്തിയാണു ചിറ്റയം ഗോപകുമാർ അടൂർ പിടിച്ചെടുത്തത്. 2016ൽ ചിറ്റയത്തിന്റെ ഭൂരിപക്ഷം 25,324 വോട്ടായിരുന്നു.

പീരുമേട് സിപിഐ സ്ഥാനാർത്ഥി വാഴൂർ സോമന് വിജയവും കാനത്തിന്റെ മികവിന് തെളിവാണ്. കോൺഗ്രസിന്റെ സിറിയക് തോമസിനെ 1835 വോട്ടിനാണു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ടേമിലായി ഇ.എസ്.ബിജിമോൾ ജയിച്ചുകയറിയ മണ്ഡലം നിലനിർത്താൻ ഇത്തവണ സിപിഐ നിയോഗിച്ചത് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റിനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 314 വോട്ടുകൾക്കാണ് സിറിയക് തോമസ് ബിജിമോളോടു പരാജയപ്പെട്ടത്.