തിരുവനന്തപുരം: സിപിഎമ്മിലെ നേതൃമാറ്റം​ ആ പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന്​ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 'കോടിയേരി മാറിയതിനെ കുറിച്ച്​ അഭിപ്രായം പറയാനില്ല. അതാ പാർട്ടിയുടെ ആഭ്യന്തരപ്രശ്നമാണ്. ഒരാൾക്ക് അസുഖം വന്നാൽ ലീവെടു​ക്കേണ്ടേ?' എന്നും കാനം ചോദിച്ചു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അനാരോഗ്യ ചൂണ്ടിക്കാട്ടി കോടിയേരി തന്നെയാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത ം പോളിറ്റ് ബ്യൂറോയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് പകരം ചുമതല ആരെ ഏൽപ്പിക്കണമെന്ന് പിബി കോടിയേരിയോട് ചോദിച്ചത്. വിജയരാഘവന്റെ പേര് കേടിയേരി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വച്ചു. ഇത് പാർട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ അംഗീകരിക്കുകയും ചെയ്തു. അതേസമയം തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതും കോടിയേരിയുടെ സ്ഥാനമൊഴിയൽ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കണ്ണൂരിൽനിന്നുള്ള നേതാക്കളിൽനിന്നും കോടിയേരിക്ക് പിന്തുണ കിട്ടിയില്ല. മാത്രമല്ല ബിനീഷ് വിഷയത്തിൽ എം എ ബേബി കോടിയേരിയെ പരോക്ഷമായി വിർശിച്ചപ്പോഴും കണ്ണൂർ നേതാക്കൾ ആരും തന്നെ എതിർത്തിരുന്നില്ല. ബേബി സെക്രട്ടറിയാവുന്നത് തടയുക കൂടിയാണ് കോടിയേരി ഈ നീക്കത്തിലൂടെ ചെയ്തത്. മഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത വ്യകതിബന്ധവും വിജയരാഘവന് ഗുണം ചെത്തു.

സ്ഥാനമൊഴിയൽ ആരോഗ്യ പ്രശ്നം മുൻനിർത്തിയുള്ളതാണെന്നാണ് പാർട്ടി നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ നേരത്തെ രണ്ടു തവണ കോടിയേരി വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോഴും മറ്റാർക്കും പകരം ചുമതല നൽകിയിരുന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറുന്നത് വെറും അവധി അല്ലെന്ന വിലയിരുത്തലുകളും ഉണ്ടാകുന്നത്.

നേരത്തെ കോടിയേരി ചികിൽസക്ക് പോയപ്പോൾ പകരം ചുമതല ആർക്കും കൊടുത്തിരുന്നില്ല. എന്നാൽ മൂന്നുപേരുടെ പേരുകളാണ് സിപിഎമ്മിൽ ഇപ്പോൾ പറഞ്ഞു കേട്ടിരുന്നത്. എം.എ ബേബി, എം.വി ഗോവിന്ദൻ മാസ്റ്റർ, പി ജയരാജൻ. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ സെക്രട്ടറിയാക്കിയാൽ കണ്ണൂർ ലോബി തുടർച്ചയായി സെക്രട്ടറി സ്ഥാനം കൈയാളുന്നു എന്ന ആക്ഷേപത്തെ ഇല്ലാതാക്കുമെന്നാണ് ചില നേതാക്കൾ കരുതിയരിുന്നത്. സൗമ്യ സ്വഭാവവും സൈദ്ധാന്തിക മേഖലയിലുള്ള മികവും ഉള്ള എം.എ ബേബിയെ സെക്രട്ടറിയാക്കിയാൽ സിപിഐ.എമ്മിന് നിലവിലെ പ്രതിച്ഛായയിൽ വലിയ മാറ്റം വരുത്താനാകുമെന്നും ഇവർ കരുതുന്നു. ഈ നീക്കം തടയിടാൻ തന്നെയാണ് കോടിയേരി നേരിട്ട് വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്.

'സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തുടർചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവൻ നിർവഹിക്കുന്നതാണ്'. എന്നാണ്​ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അറിയിച്ചത്​.