കോഴിക്കോട്: ഇടതുപക്ഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഐയുടെ ജില്ലാ സമ്മേളനം തിങ്കളാഴ്ച ഫറോക്കിൽ നടക്കാനിരിക്കേ പ്രദേശത്തൊന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനെ കാണാനില്ല. ഇന്നലെ കോഴിക്കോട്ട് ജില്ലാ സെക്രട്ടറി ടി വി ബാലനും അസി. സെക്രട്ടറിമാരായ എം നാരായണൻ മാസ്റ്ററും ടി കെ രാജൻ മാസ്റ്ററും സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനം വിളിച്ചിരുന്നെങ്കിലും കാനം ഒരു പരിപാടിയിലും സംബന്ധിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

കോഴിക്കോട്ട് ഉൾപ്പെട്ട മലബാർ മേഖലയിൽ കെ ഇ ഇസ്മയിൽ പക്ഷത്തിനാണ് പ്രാമുഖ്യം എന്നതിനാലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി മാറിനിൽക്കുന്നതെന്നാണ് പാർട്ടി അണികളിൽ ഒരു വിഭാഗം രഹസ്യമായി സമ്മതിക്കുന്നത്. ഇതു മാത്രമല്ല, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലാ സമ്മേളനങ്ങളിൽ പ്രതിനിധികൾ കാനത്തെ രൂക്ഷമായി വിമർശിച്ചതും ഇതിന് കാരണമായിട്ടുണ്ടെന്നാണ് പറയുന്നത്. കോഴിക്കോട്ട് തനിക്ക് സ്വാധീനം കുറവായതിനാൽ തെക്കൻ ജില്ലകളിൽ നിന്നുണ്ടായിരുന്നതിനേക്കാൾ ഭീകരമായ വിമർശനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമോയെന്ന ഭയവും പാർട്ടി സെക്രട്ടറിക്ക് ഉണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പോലും പറയുന്നത്.

വെളിയം ഭാർഗവനെ പോലുള്ള സമുന്നത കമ്മ്യൂണിസ്റ്റ് നേതാക്കൾ അരങ്ങൊഴിഞ്ഞതോടെ സിപിഐയുടെ ഓഫീസ് പൂട്ടിയെന്നാണ് വിമർശകരുടെ പക്ഷം. നാളിതുവരെ ഇടതുപക്ഷം നടപ്പാക്കിയ കെ റെയിൽ ഉൾപ്പെടെയുള്ള പല ജനവിരുദ്ധ പദ്ധതികളോടും സി പി എമ്മിന് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അതെല്ലാം തൊഴുത്തിലെ ചവിട്ടായി മാത്രം അവസാനിക്കുന്നതാണ് കാണാനാവുന്നത്. പാർട്ടിയുടെ വേദികളിലും പിണറായിക്ക് മുന്നിൽ പാർട്ടി സംസ്ഥാന സെക്രട്ടറി വല്ലാതെ ചെറുതായിപോകുന്നത് വലിയ ചർച്ചകൾക്കാണ് അടുത്ത കാലത്തായി ഇടവരുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ ലോകായുക്ത ബിൽ വിഷയത്തിലും ഏവരും ഇത് ദർശിച്ചതാണ്.

സി പി എമ്മിൽ സർവാധിപതിയായി വർഷങ്ങളായി തുടരുന്ന പിണറായി സിപിഐയെയും നിയന്ത്രിക്കുന്ന തലത്തിലേക്കു എത്തിയിരിക്കുന്ന സ്ഥിതിയായതിനാൽ സിപിഐ എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസക്തി തന്നെ ഇല്ലാതാവുമെന്ന വിമാർശനവും ഉയരുന്നുണ്ട്. ഇത്തരം ഒരു വിമർശനവും ഭയവുമെല്ലാം സിപിഐ നേതാക്കളും അണികളും ഉയർത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ ആ അവസ്ഥയിലേക്കു പാർട്ടി എത്തിയിരിക്കുന്നത് ഈ ഘട്ടത്തിലാണെന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവർ പറയുന്നത്.

ഓഗസ്റ്റ് ആദ്യവാരത്തിൽ പത്തനംതിട്ടയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുത്തവർ പാർട്ടി സംസ്ഥാന സെക്രട്ടറിയെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെപ്പോലെയാണ് കാനം പ്രവർത്തിക്കുന്നതെന്നായിരുന്നു ആരോപണം. എൽ ഡി എഫ് സർക്കാർ എന്ന മുന്നണി സംവിധാനം വെറും പിണറായിയുടെ സർക്കാരായി മാറിയെന്നും മുന്നണി ബന്ധങ്ങളിൽ ചർച്ചകൾ അസ്തമിച്ചെന്നും ഉൾപ്പെട്ട പരസ്യ വിമർശനവും പ്രതിനിധികൾ ഉന്നയിച്ചിരുന്നു. ഇതിന് സമാനമായ പ്രതികരണങ്ങളും മാനസികാവസ്ഥയുമാണ് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ പ്രത്യേകിച്ച് പാർട്ടിക്ക് കൂടുതൽ വേരോട്ടമുള്ള കൊല്ലം മേഖലയിലും മറ്റും ഇപ്പോൾ കാണാനാവുന്നത്.

കോഴക്കോട്ടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ നോക്കിയാൽ കാനം ഒഴികേ ബാക്കി പ്രമുഖരെല്ലാം ഉണ്ടെന്നു കാണാം. 22ന് വൈകിട്ട് 5.30ക്ക് കോരുജി നഗറിൽ (മുനിസിപൽ മൈതാനം, നല്ലൂർ) നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ദേശീയ എക്സിക്യൂട്ടീവ് അംഗം സി മഹേന്ദ്രനാണ്. ജില്ലാ സെക്രട്ടറി ടി വി ബാലൻ അധ്യക്ഷനാവുന്ന ആ പരിപാടിയിൽ പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി എൻ ചന്ദ്രൻ, പി വസന്തം, സി പി മുരളി തുടങ്ങിയ പാർട്ടിയുടെ മുതിർന്ന നേതാക്കളെല്ലാമുണ്ട്.

23ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വമാണ് ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ ഈ പേരുകൾക്കിടയിലൊന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയില്ലെന്നത് വലിയ ചർച്ചക്കാണ് സിപിഐയിൽ തുടക്കമിട്ടിരിക്കുന്നത്. ടി വി ബാലൻ എന്നല്ല, പാർട്ടിയുടെ മുതിർന്ന നേതാക്കളായ ബിനോയ് വിശ്വത്തിനും സത്യൻ മൊകേരിക്കുമൊന്നും കാനം രാജേന്ദ്രൻ പരിപാടിയിൽ ഒന്നിൽ പോലും പങ്കെടുക്കാത്തത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു മാത്രമല്ല, അണികളോടുപോലും വിശദീകരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.