ന്യൂഡൽഹി : സിപിഐ കേന്ദ്ര നിർവാഹക സമിതിയംഗവും യുവനേതാവുമായ കനയ്യ കുമാർ നാളെ കോൺഗ്രസിൽ ചേരും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കനയ്യകുമാർ കോൺഗ്രസ് അംഗത്വം സ്വീകരിക്കും. കനയ്യയ്‌ക്കൊപ്പം ജിഗ്‌നേഷ് മേവാനിയും നാളെ കോൺഗ്രസിൽ ചേരും. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.ദളിത് നേതാവും ഗുജറാത്ത് എംഎ‍ൽഎയുമായ ജിഗ്‌നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് കനയ്യയെ കോൺഗ്രസിലേക്ക് നയിച്ചത്.

ജെഎൻയുവിലെ വിപ്ലവാകാരിയെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായിയിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റും നൽകി. എന്നാൽ അച്ചടക്കമുള്ള പ്രവർത്തകനെ പ്രതീക്ഷിച്ച പാർട്ടിക്ക് മുന്നിൽ കനയ്യയെത്തിയത് പ്രശ്‌നങ്ങളിൽ നിരന്തരം കലഹിക്കുന്നയാളായാണ്.

തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിങ്, പാറ്റ്‌ന ഓഫീസ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം അങ്ങനെ പാർട്ടിയുടെ നെറ്റി ചുളിച്ച സംഭവങ്ങൾ പിന്നീടുണ്ടായി. ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റിയേ തീരൂവെന്ന കനയ്യയുടെ വാശി പാർട്ടി പ്രവർത്തകന് യോജിക്കാത്ത നിലയിലുള്ളതായാണ് സിപിഐ കണ്ടത്.

കോൺഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്‌നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് ബദൽ കോൺഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോൺഗ്രസ് ഗുജറാത്ത് വർക്കിങ് പ്രസിഡന്റ് ഹാർദ്ദിക് പട്ടേൽ മധ്യസ്ഥനായാണ് ചർച്ച നടത്തിയത്. രാഹുൽഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകൾ നടത്തി. കോൺഗ്രസിലേക്ക് ഉടൻ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചർച്ചകളുടെ ഭാഗമായി. അങ്ങനെയാണ് കനയ്യ കുമാറും, ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

കനയ്യ കോൺഗ്രസിലേക്കെന്ന പ്രചാരണം ശക്തമാകുമ്പോഴും പുകഞ്ഞ കൊള്ളി പുറത്തേക്കെന്ന നിലപാട് സിപിഐ കനയ്യയോട് സ്വീകരിച്ചില്ല. അനുനയത്തിന് ശ്രമിച്ച പാർട്ടിക്ക് മുന്നിൽ ബിഹാർ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന നിലപാടാണ് കനയ്യ വെച്ചത്. ഇതിന് പുറമെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത പാർട്ടി കൗൺസിൽ യോഗത്തിൽ ഈ ആവശ്യം ചർച്ച ചെയ്യാമെന്നിരിക്കെയാണ് കനയ്യയുടെ രാഷ്ട്രീയമാറ്റം.

അതേസമയം കനയ്യ കുമാറിനോട് ചൊവ്വാഴ്ച പത്രസമ്മേളനം നടത്തണമെന്നാണ് ഡി രാജ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി ആസ്ഥാനമായ അജോയ് ഭവനിലെത്തിയ പ്രവർത്തകർ പലവട്ടം ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അദ്ദേഹം അന്ന് ഫോണെടുത്തില്ലെന്നാണ് നേതാക്കൾ പറയുന്നത്.

ബിഹാറിലെ പാർട്ടി നേതൃത്വവുമായുള്ള ഭിന്നത ഇതുവരെയും പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഞായറാഴ്ച ബിഹാർ ഘടകത്തിലെ ഒരുവിഭാഗം നേതാക്കൾ കനയ്യ കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്നെ ബിഹാർ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഈ ആവശ്യങ്ങളോട് പാർട്ടി അനുഭാവ നിലപാട് സ്വീകരിച്ചിട്ടില്ല. ഇത്തരത്തിൽ ഒരാവശ്യം ഇതിന് മുൻപ് ആരും വെച്ചിട്ടില്ലെന്നും ആർക്ക് എന്ത് സ്ഥാനം നൽകണമെന്ന് തീരുമാനിക്കുന്നത് നേതൃത്വമാണെന്നും പേര് വെളിപ്പെടുത്താൻ ഉദ്ദേശിക്കാത്ത ഒരു നേതാവ് പറഞ്ഞു.