മുംബൈ: ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചതിന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്. രണ്ടു കോടിയാണ് നഷ്ടപരിഹാര തുകയായി കങ്കണ ബൃഹദ് മുംബൈ കോർപ്പറേഷനിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നൽകിയ പരാതിയിൽ ഭേദഗതി വരുത്തിയാണ് കങ്കണ രണ്ടു കോടി ആവശ്യപ്പെട്ടിരിക്കുന്നത്. വിലപിടിപ്പുള്ള വസ്തുക്കളടക്കം ഓഫീസിന്റെ 40 ശതമാനവും നിയമവിരുദ്ധമായി അധികൃതർ പൊളിച്ചെന്ന് കങ്കണ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നേരത്തെ നൽകിയ 29 പേജുള്ള പരാതി ഭേദഗതി ചെയ്ത് 92 പേജുള്ള പരാതിയാണ് പുതിയതായി നൽകിയത്.

കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത് വൻ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. അനധികൃമായി നിർമ്മിച്ച ഭാഗമാണ് പൊളിച്ചു നീക്കിയതെന്ന് ബിഎംസി പറഞ്ഞെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്തു. തുടർന്ന് ബിജെപിയടക്കമുള്ള പാർട്ടികൾ കങ്കണക്കനുകൂലമായി രംഗത്തെത്തി. ശിവസേനയെയും കോൺഗ്രസിനെയും ലക്ഷ്യമിട്ട് കങ്കണയും രാഷ്ട്രീയ പ്രസ്താവനകൾ നടത്തി. ചൊവ്വാഴ്ച പാർലമെന്റിൽ എംപി ജയ ബച്ചനും കങ്കണക്കെതിരെ രംഗത്തെത്തി. മുംബൈ പാക് അധീന കശ്മീരിന് തുല്യമാണെന്ന് കങ്കണ പറഞ്ഞതോടെയാണ് വിവാദമുടലെടുക്കുന്നത്. കങ്കണയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്തെത്തിയതോടെ വൻ വിവാദമായി.

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനും മഹാരാഷ്ട്ര സർക്കാരിനുമെതിരെ കങ്കണ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കങ്കണയെ തടയുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നെങ്കിലും താരത്തിന് ഭരണഘടനാനുസൃതമായ സംരക്ഷണം നൽകുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.

എന്നും ബിജെപി.ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന കങ്കണ മുംബൈയ്ക്കും ശിവസേനക്കും പൊലീസിനുമെതിരേ ശക്തമായ വിമർശനമുന്നയിച്ചതാണ് വിവാദമായത്. മുംബൈയിൽ ജീവിക്കാൻ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് മഹാരാഷ്ട്ര സർക്കാരുമായുള്ള കങ്കണയുടെ തുറന്ന പോര് ആരംഭിക്കുന്നത്.ജീവിക്കാൻ പറ്റാത്ത ഇടമാണെങ്കിൽ ഇവിടെ താമസിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് തിരിച്ചടിച്ചു. പിന്നീട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും ഇതേ നിലപാടെടുത്തു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്. ഇതോടെ പിന്നീട് വലിയ നിയമയുദ്ധത്തിലേക്ക് ബി.എം.സി. കടക്കുകയായിരുന്നു.

നടിയുടെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മണിക‌‌ർണിക ഫിലിംസിന്റെ ഓഫീസ് ബൃഹദ് മുംബയ് കോർപറേഷൻ (ബി.എം.സി.) ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയാണ് ശിവസേന പ്രതികാരം ചെയ്തത്. ബാന്ദ്ര പാലി ഹിൽസിലുള്ള മന്ദിരത്തിലെ ശുചിമുറി ഓഫീസ് ക്യാബിനാക്കി, ഗോവണിക്കു സമീപം ശുചിമുറി നിർമ്മിച്ചു തുടങ്ങി ഒരു ഡസനിലധികം അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ട് നടിക്ക് കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. പിന്നാലെ അധികൃതർ കെട്ടിടം പുറത്തു നിന്നും അകത്തു നിന്നും പൊളിക്കുകയായിരുന്നു. അനധികൃത നിർമ്മാണമല്ലെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ സെപ്‌റ്റംബർ 30 വരെ പൊളിക്കലിന് വിലക്കുണ്ടെന്നും കാട്ടി കങ്കണ കോടതിയെ സമീപിച്ചതിനെ തുടർന്ന്, ഉടമ സ്ഥലത്തില്ലാത്തപ്പോൾ കെട്ടിടത്തിൽ അതിക്രമിച്ചു കയറി പൊളിക്കരുതെന്ന് കോടതി മുംബയ് കോർപ്പറേഷനെ വിലക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശിവസേനയെ രൂക്ഷമായി വിർശിച്ച് താരം രംഗത്തെത്തുതയായിരുന്നു.