നടി വാമിഖ ഗാബിയേയും ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് കങ്കണ റണൗട്ട്. കർഷക പ്രതിഷേധത്തിനെതിരെ കങ്കണ നടത്തിയ വിദ്വേഷ വ്യാജ പരാമർശങ്ങളെ വിമർശിച്ച് വാമിഖ രം​ഗത്തെത്തിയിരുന്നു. ഇതാണ് കങ്കണയെ ചൊടിപ്പിച്ചത്. തനിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ പഞ്ചാബി ഗായികയും ബിഗ് ബോസ് താരവുമായ ഹിമാൻഷി ഖുരാനയെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തതിന് പിന്നാലെയാണ് കങ്കണ, വാമിഖ ഗാബിയേയും ബ്ലോക്ക് ചെയ്തത്.

ഷാഹിൻ ബാഗ് ദാദി ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റിനെതിരെ വാമിഖ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് വാമിഖയെ കങ്കണ ബ്ലോക്ക് ചെയ്തത്. ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളൂ അതുതന്നെ സന്തോഷമെന്ന് വാമിഖ മറുപടി ട്വീറ്റും ചെയ്തിട്ടുണ്ട്. ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് വാമിഖ മറുപടിയുമായെത്തിയത്. ‘ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളു. അതുതന്നെ ഒരുപാട് സന്തോഷം. മുൻപ് മറ്റു സത്രീകളോട് പറഞ്ഞ പോലെയെങ്ങാനും എനിക്ക് മറുപടി തന്നിരുന്നെങ്കിൽ എന്റെ ഹൃദയം തകരുമായിരുന്നു. ഹൃദയത്തിൽ സ്‌നേഹം നിറയാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.' വാമിഖ ട്വീറ്റ് ചെയ്തു.

ഒരിക്കൽ താൻ കങ്കണയുടെ ആരാധികയായിരുന്നെന്നും എന്നാലിപ്പോൾ അന്ന് ഇഷ്ടപ്പെട്ടതിൽ പോലും നാണക്കേട് തോന്നുന്നുവെന്നായിരുന്നു ബിൽക്കീസ് ദാദിയെ അധിക്ഷേപിക്കുന്ന കങ്കണയുടെ ട്വീറ്റിനെ വിമർശിച്ച് കഴിഞ്ഞ ദിവസം വാമിഖ ട്വീറ്റ് ചെയ്തത്. ‘ഒരിക്കൽ ആരാധിയായിരുന്നു. ഇപ്പോൾ ഇഷ്ടപ്പെട്ടതിൽ പോലും നാണക്കേട് തോന്നുന്നു. ഹിന്ദു ആകുകയെന്നാൽ സ്‌നേഹമാകുക എന്നാണ് അർത്ഥം. പക്ഷെ രാവണൻ ഉള്ളിലെത്തിയാൽ മനുഷ്യൻ ഇങ്ങനെയായി തീരുമായിരിക്കാം, ഇത്രയും അഹങ്കാരവും ക്രോധവും വിദ്വേഷവും. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി നിങ്ങൾ മാറുന്നത് കാണുമ്പോൾ ഹൃദയം തകരുകയാണ്,' എന്നായിരുന്നു വാമിഖയുടെ ട്വീറ്റ്. ഇതിനു പിന്നാലെയാണ് വാമിഖയെ കങ്കണ ബ്ലോക്ക് ചെയ്തത്.

കർഷക പ്രതിഷേധത്തോടുള്ള കങ്കണയുടെ നിലപാടുകളിൽ വിമർശനം ഉന്നയിച്ച പഞ്ചാബി ഗായികയും ബിഗ് ബോസ് താരവുമായ ഹിമാൻഷി ഖുരാനയെയും കങ്കണ കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്തിരുന്നു. കലാപത്തെക്കുറിച്ച് സംസാരിച്ചും കർഷകരുടെ പ്രതിഷേധത്തെ ഷഹീൻ ബാഗുമായി ഉപമിച്ചും കങ്കണ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് ഹിമാൻഷി ആരോപിച്ചിരുന്നു. ‘ ഇപ്പോൾ ഇവളാണല്ലോ വക്താവ്, ഏത് കാര്യവും വളച്ചൊടിച്ച് തെറ്റായ രീതിയിൽ പറയേണ്ടത് എങ്ങനെയെന്ന് ഇവരെ കണ്ടുവേണം പഠിക്കാൻ. ഇനി കർഷകർ എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ തന്നെ എന്തുകൊണ്ടാണ് നാട്ടിൽ കലാപം നടന്നതെന്ന് ഇവർ ജനങ്ങളെ ബോധ്യപ്പെടുത്തും', ഹിമാൻഷി പറഞ്ഞു. ഈ ട്വീറ്റുകളെ തുടർന്നായിരുന്നു ഹിമാൻഷിയെ കങ്കണ ബ്ലോക്ക് ചെയ്തത്.

തുടക്കം മുതൽ തന്നെ കർഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു കങ്കണ രംഗത്തെത്തിയത്. സമരം നടത്തുന്നവർ ദേശവിരുദ്ധരാണെന്നും മറ്റൊരു ഷഹീൻബാഗ് സൃഷ്ടിക്കാനാണ് കർഷകരുടെ ശ്രമമെന്നും കങ്കണ പറഞ്ഞിരുന്നു.

കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ ഷഹീൻബാഗ് ദാദി ബിൽക്കീസിനെ അടക്കം പരിഹസിച്ച് കങ്കണ പ്രസ്താവന നടത്തിയിരുന്നു. ഷഹീൻ ബാഗ് സമരത്തിന്റെ മുഖമായി തീർന്ന മൊഹീന്ദർ കൗറിന് നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ദാദിയുടെ തളരാത്ത സമരവീര്യത്തിന് ആദരമർപ്പിച്ചുകൊണ്ടായിരുന്നു ലോകമാധ്യമങ്ങൾ പോലും അവരെക്കുറിച്ച് എഴുതിയത്. എന്നാൽ, 100 രൂപയും ഭക്ഷണവും നൽകുകയാണെങ്കിൽ ഈ ദാദി ഏത് സമരത്തിനും പോകുമെന്നായിരുന്നു ദാദിക്കെതിരെ കങ്കണയുടെ പരിഹാസം.

പഞ്ചാബി സുന്ദരി വാമിഖ ഗാബി മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ്. ടോവിനോ തോമസ് നായകനായ ഹിറ്റ് ചിത്രം ഗോദയിലൂടെ മലയാളികൾ നെഞ്ചോട് ചേർത്ത നായികയാണ് വാമിഖ ഗാബി. ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന വാമിഖ പഞ്ചാബി, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. താരം കൂടുതൽ ചിത്രങ്ങൾ ചെയ്തിരിക്കുന്നത് പഞ്ചാബിയിലാണ്. ഗോദയിൽ നായികയായി വന്നതോടെ കേരളത്തിൽ ഒരുപാട് ആരാധകരെ താരം സ്വന്തമാക്കി. അതിന് ശേഷവും വാമിഖ മലയാളത്തിൽ അഭിനയിച്ചു.