ന്യൂഡൽഹി: സംസ്‌കാരം, മൂല്യം, പാരമ്പര്യം എന്നിവ നശിപ്പിക്കുന്ന ഒരു ചിന്താധാരയെ എതിർക്കാനാണ് കോൺഗ്രസിൽ ചേരുന്നതെന്ന് കനയ്യ കുമാർ. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ജിഗ്‌നേഷ് മേവാനിയും പ്രതികരിച്ചു.

കനയ്യകുമാറിന്റെയും തന്റെയും കോൺഗ്രസ് പ്രവേശം അതിന് സഹായിക്കും. ബിജെപിയെ തൂത്തെറിയും. കോൺഗ്രസിനേ രാജ്യത്തെ രക്ഷിക്കാനാകൂ. അതുകൊണ്ടാണ് കോൺഗ്രസിൽ ചേർന്നതെന്നും മേവാനി പറഞ്ഞു.

കനയ്യകുമാറിനൊപ്പമാണ് ജിഗ്‌നേഷ് മേവാനി എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസിനോട് കൂറ് പ്രഖ്യാപിച്ചത്. ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎൽഎയായ ജിഗ്‌നേഷ് മേവാനിക്ക് പാർട്ടി അംഗത്വം സ്വീകരിക്കാൻ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം കോൺഗ്രസ് സഹയാത്രികനായി പ്രവർത്തിക്കും.

കോൺഗ്രസ് തകർന്നാൽ രാജ്യം തകരും. രാജ്യം 1947ന് മുൻപേ ഉള്ള സ്ഥിതിയിലേക്കു പോയി. ഇന്ത്യയുടെ ചരിത്രം പേറുന്ന പാർട്ടിയാണ് കോൺഗ്രസ്. പ്രതിപക്ഷം തളർന്നാൽ രാജ്യത്ത് ഏകാധിപത്യം വളരും. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനല്ലാതെ ആർക്കും കഴിയില്ലെന്നും കനയ്യ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.

സിപിഐയോടു നന്ദിയുണ്ട്. പക്ഷേ വലിയ പ്രതിപക്ഷ പാർട്ടിയെ നിലനിർത്തണം. കോൺഗ്രസ് നിലനിന്നാലേ രാജ്യം നിലനിൽക്കുവെന്നും കനയ്യ പ്രതികരിച്ചു.

വെറുപ്പിന്റെ രാഷ്ട്രീയമാണ് സംഘ പരിവാർ പ്രചരിപ്പിക്കുന്നതെന്നും അതു നേരിടാൻ കോൺഗ്രസിനേ കഴിയൂവെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തുവച്ചാണ് യുവനേതാക്കളെ പാർട്ടിയിലേക്കു സ്വീകരിച്ചത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പ്രതിരൂപമാണ് കനയ്യയെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. മതമൗലികവാദത്തിനെതിരെ വിദ്യാർത്ഥി നേതാവെന്ന നിലയിൽ അദ്ദേഹം പോരാടി. കനയ്യയുടെ വരവ് പാർട്ടിക്ക് ആവേശം നൽകുന്നതാണെന്നും വേണുഗോപാൽ പറഞ്ഞു.

കനയ്യകുമാറിനേയും ജിഗ്‌നേഷ് മേവാനിയേയും സ്വാഗതം ചെയ്തുള്ള ഫ്‌ളക്‌സ് ബോർഡുകൾ നിറഞ്ഞ എഐസിസി ആസ്ഥാനത്തേക്ക് വൈകിട്ട് അഞ്ച് മണിയോടെ കനയ്യകുമാറും, ജിഗ്‌നേഷ് മേവാനിയും എത്തി. ഇതിന് മുൻപായി ഇരുവരും രാഹുൽ ഗാന്ധിക്കൊപ്പം ഭഗത് സിങ് സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. പിന്നീട് എഐസിസി ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജെവാല, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം ഇരുവരും മാധ്യമങ്ങളെ കാണാനെത്തി.

മുതിർന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുടർച്ചയായ പലായനത്തിൽ വലഞ്ഞ കോൺഗ്രസ് ക്യാംപിന് വലിയ ആവേശവും ആത്മവിശ്വാസവും നൽകുന്നതാണ് കനയ്യകുമാറിന്റേയും ജിഗ്‌നേഷ് മേവാനിയുടേയും വരവ്.