മട്ടന്നൂർ: കണ്ണുർ വിമാന താവളം സ്വർണക്കടത്തുകാരുടെ ഹബ്ബായി മാറുന്നു.പുതുവർഷം പിറന്ന് മൂന്നര മാസം പിന്നിടുമ്പോഴെക്കും കോടികളുടെ സ്വർണമാണ് ഇവിടെ നിന്നും ഇതുവരെയായി പിടികൂടിയത്.

കഴിഞ്ഞ ദിവസവുംരാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടന്നു1.18 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി മൂന്നുപേരെയാണ്കസ്റ്റംസ് പിടികൂടിയത്. മലദ്വാരത്തിലും മറ്റുമായി ഒളിപ്പിച്ചു കടത്തുകയായിരുന്ന 2432 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാവിലെ ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ ബാലുശേരി നായർ കുഴിയിലെ പിലാത്തോട്ടത്തിൽ മുനീറിൽ നിന്നും 26 ലക്ഷം വരുന്ന 540 ഗ്രാം സ്വർണവും, രാവിലെ 9.30നു ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ വടകര തുണ്ടിയിൽ താഴെ ഫിറോസിൽ നിന്നും 58,61,000 രൂപ വിലമതിക്കുന്ന 1211 ഗ്രാം സ്വർണവും, വൈകുന്നേരം 4.30 നു ബഹ്‌റിനിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി കുനിയിൽ അബ്ദുള്ളയിൽ നിന്നും 33 ലക്ഷം രൂപ വിലമതിക്കുന്ന 681 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്.

ഫിറോസിൽ നിന്നും 160 ഗ്രാം തൂക്കം വരുന്ന ചെയിൻ രൂപത്തിലുള്ളതും പേസ്റ്റ് രൂപത്തിലാക്കിയ സ്വർണവുമാണ് പിടികൂടിയത്. മൂന്നു പേരും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കസ്റ്റംസിന്റെ ചെക്കിങ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക മാതൃകയിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.

കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ, ഇൻസ്‌പെക്ടർമാരായ യഥു കൃഷ്ണ, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, ഹവിൽദാർ കെ.ടി.എം.രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും കണ്ണൂർ വിമാനതാവളത്തിലുടെയുടെ സ്വർണക്കടത്ത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും ദിനങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.