കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചില തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ നിയമപ്രകാരം അധികാരമുള്ളൂ.

ഇങ്ങനെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുകയാണ് തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ചുമതല. എന്നാൽ ചില തദ്ദേശസ്ഥാപനങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സ്വതന്ത്രമായ നടപടികൾ നിയമവിരുദ്ധമാണ്. ഇങ്ങനെ തീരുമാനമെടുത്ത യോഗങ്ങളിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നതായും മനസിലാക്കുന്നു.

കർശന നടപടികൾ ഇത്തരം ഉദ്യോഗസ്ഥർക്ക് എതിരെ സ്വീകരിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകുന്നത് സംബന്ധിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഉള്ള നിർദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയെ അറിയിക്കുകയാണ് വേണ്ടത്. ഇവ പരിഗണിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യുക്തമായ തീരുമാനത്തിനായുള്ള നടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.