കണ്ണൂർ: കൊണ്ടും കൊടുത്തും പയ്യാമ്പലം വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മുന്നേറുമ്പോൾ മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്റെയും നാട്ടിൽ രാഷ്ട്രീയ പോരിന് വീര്യം കൂടുന്നു.പയ്യാമ്പലത്ത് വട്ടമിട്ട് പറക്കുന്ന കഴുകനാണ് പി.ജയരാജനെന്ന മേയർ ടി.ഒ.മോഹനന്റെ പ്രസ്താവന പയ്യാമ്പലത്തെ സ്ഥിതിഗതികൾ ചൂടുപിടിപ്പിച്ചിട്ടുണ്ട്.

കണ്ണുർ കോർപറേഷൻ നടത്തുന്ന കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ജയരാജൻ തടസപ്പെടുത്തുന്നുവെന്നാരോപിച്ച് മേയർ മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനും കത്തു നൽകിയിട്ടുണ്ട്. സമാന്തര ഭരണ സംവിധാനമായി കണ്ണൂർ കോർപറേഷനിൽ ജയരാജൻ ചുക്കാൻ പിടിക്കുന്ന ഐ.ആർ.പി.സി മാറിയെന്നാണ് മേയർ ഉന്നയിക്കുന്ന ആരോപണം.

എന്നാൽ പയ്യാമ്പലത്ത് പറന്നിറങ്ങുന്നത് കഴുകനല്ല കാക്കയാണെന്നാണ് ഇതുസംബന്ധിച്ച് ജയരാജന്റെ പ്രതികരണം. മൃതദേഹങ്ങൾ സംസ്‌കരിച്ചതിന്റെ അവശിഷ്ടങ്ങൾ യാതൊരു നിർദാക്ഷിണ്യവുമില്ലാതെ ബീച്ചിൽ തള്ളിയതു കാരണമാണ് കാക്കകൾ പറന്നിറങ്ങുന്നതെന്നും ജയരാജൻ ആരോപിച്ചു പയ്യാമ്പലത്ത് കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിച്ചതിനു ശേഷമുള്ള അസ്ഥിയും മറ്റു ഭാഗങ്ങളും പയ്യാമ്പലം ബീച്ചിൽ തള്ളിയ സംഭവത്തിൽ കോർപറേഷൻ മേയർ ബേദ പ്രകടനം നടത്തിയിരുന്നുവെങ്കിലും എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ അതു രാഷ്ട്രീയ വിഷയമായി വളർത്തിയെടുക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

അതു കൊണ്ടു തന്നെ കോർപറേഷനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന പി.ജയരാജന് പുറകിൽ സിപിഎം നേതാക്കളായ എം.വി ജയരാജൻ, എൻ.ചന്ദ്രൻ എന്നിവർ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി കോർപറേഷൻ കാര്യാലയത്തിന് മുൻപിൽ ഇന്ന് രാവിലെ എൽ.ഡി.എഫ് കൗൺസിലർമാർ ധർണ നടത്തും. വരും ദിനങ്ങളിൽ കോർപറേഷൻ ഭരണ സമിതിക്കെതിരെ സമരം ശക്തമാക്കാനാണ് എൽ.ഡി.എഫ് തീരുമാനം. നേരത്തെ ജില്ലാ പഞ്ചായത്തും ഐ.ആർ.പി.സിയും കോർപറേഷനെതിരെ തിരിഞ്ഞിരുന്നു.

വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഭരണം കൈയിലുള്ള സി.പിഎം വളഞ്ഞിട്ട് അക്രമിക്കുന്നതു കാരണം കണ്ണൂർ കോർപറേഷനിൽ ഇടംവലം തിരിയാനാവാത്ത അവസ്ഥയിലാണ് കോൺഗ്രസ്.കെപിസിസി അദ്ധ്യക്ഷന്റെ വീട് സ്ഥിതി ചെയ്യുന്ന കണ്ണുർ കോർപറേഷനിൽ പാർട്ടി വെള്ളം കുടിക്കുമ്പോൾ പ്രതിരോധത്തിനുള്ള പഴുതുകൾ അന്വേഷിക്കുകയാണ് പാർട്ടി നേതൃത്വം.