കണ്ണൂർ: തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കി തെക്കിബസാറിൽ മേൽപ്പാലം നിർമ്മിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണു ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്നതെന്ന് മേയർ ടി.ഒ മോഹനൻ. തെക്കിബസാറിൽ അശാസ്ത്രീയമായ മേൽപ്പാല നിർമ്മാണം ഉപേക്ഷിക്കുക, ഗതാഗതകുരുക്ക് പരിഹരിക്കാൻ ശാസ്ത്രീയമായ മേൽപ്പാലം നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സൗത്ത്ബസാർ ജനകീയ ആക്ഷൻ കമ്മിറ്റി കലക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനത്തിനു ഞങ്ങൾ എതിരല്ല. കണ്ണൂരിൽ മേൽപ്പാലം വരുന്നത് ഒരുവർഷം താമസിച്ചാലും പ്രശ്നമില്ല. എന്നാൽ ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നിർമ്മാണം. താണ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണു അനുഭവപ്പെടുന്നത്. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മേയറായ തന്നോട് ഇതുവരെ ആരും ചർച്ചയ്ക്ക് വന്നിട്ടില്ല.

ജലപാതയുടെ പേരിലും അശാസ്ത്രീയമായ രീതിയിൽ നാടിനെ കീറി മുറിക്കാനാണ് ശ്രമം നടക്കുന്നത്. വികസനം എന്നാൽ സർക്കാരിനു കൊട്ടിഘോഷിക്കാനും കരാറുകാരനും വേണ്ടി മാത്രമായി മാറുകയാണെന്നു ടി.ഒ മോഹനൻ പറഞ്ഞു. രാജീവൻ എളയാവൂർ അധ്യക്ഷനായി. ദേവസ്യ മാച്ചേരി, പുനത്തിൽ ബാഷിത്ത്, അൻസാരി തില്ലങ്കേരി, ഭാഗ്യശീലൻ ചാലാട്, കെ.ജി ബാബു, അനീഷ് വാണിയങ്കണ്ടി, കെ. സലാലുദീൻ, വി.പി ഉവൈസ് നേതൃത്വം നൽകി.