കണ്ണൂർ: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുമ്പോൾ കണ്ണൂരിൽ ആഹ്‌ളാദവും നിരാശയും. സി.പി. എം നേതാക്കളായ എം.വി ഗോവിന്ദൻ നവാഗത മന്ത്രിയായി വരികയും മട്ടന്നൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.കെ ശൈലജ മന്ത്രിസഭയിലെ പ്രധാനപദവി അലങ്കരിക്കുമെന്ന പ്രതീക്ഷയുമാണ് കണ്ണൂരിന് ആഹ്‌ളാദം പകരുന്നത്. എന്നാൽ മുഖ്യമന്ത്രിയുൾപ്പെടെ കഴിഞ്ഞ തവണത്തെ അഞ്ച് മന്ത്രിസ്ഥാനം നിലനിർത്താൻ കണ്ണൂരിന് കഴിയുമോയെന്ന കാര്യത്തിൽ ആശങ്കയുമുണ്ട്.

ശൈലജ സ്പീക്കറാകാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ തലശ്ശേരിയിൽ നിന്നു ജയിച്ച ഷംസീർ മന്ത്രിയാകാനും സാധ്യതയുണ്ട്. കോൺഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും കാബിനറ്റിലേക്കെത്തുമെന്ന് ഉറപ്പായത് കണ്ണൂർ മണ്ഡലത്തെ സംബന്ധിച്ചു പ്രതീക്ഷയ്ക്ക് വകനൽകിയിട്ടുണ്ട്. രണ്ടാം തവണയും മന്ത്രിയാവില്ലെന്നു കടന്നപ്പള്ളിയും പാർട്ടിയും പ്രതീക്ഷിച്ചിടത്തോണ് രണ്ടരവർഷം മന്ത്രി പദവിയെന്ന ലോട്ടറി ലഭിക്കുന്നത്. തന്റെ ഗുഡ്ബുക്കിലുള്ള കടന്നപ്പള്ളിക്കായി മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.

അതുകൊണ്ടു തന്നെ വെറും ഒറ്റ എംഎൽഎയുടെ പാർട്ടിയായ കോൺഗ്രസ് എസിന് പകുതി ടേമെങ്കിലും മന്ത്രി സ്ഥാനം ലഭിക്കുന്നത് വലിയ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് തോൽവി പ്രതീക്ഷിച്ച കടന്നപ്പള്ളിയെയും പാർട്ടിയെയും ഇക്കുറിയും ഭാഗ്യം തുണയ്ക്കുകയായിരുന്നു. ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനിക്കെതിരെയുള്ള ഗ്രൂപ്പ് കളി ഇക്കുറിയും എൽ.ഡി. എഫിന് അനുകൂലമായി വോട്ടുമറിക്കുകയായിരുന്നു.

കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ കണ്ണൂർ കോർപറേഷനിൽ കടന്നപ്പള്ളിയുടെ മന്ത്രി സ്ഥാനം സി.പി. എമ്മിന് കൂടുതൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ നഗരത്തിൽ കടുത്ത ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന പുതിയ തെരുവുവ് മുതൽ മേലേചൊവ്വ വരെയുള്ള ഫ്ളൈ ഓവർ, അഴീക്കൽ തുറമുഖം അന്താരാഷ്ട്ര കപ്പൽ ചാൽ നിർമ്മാണം, കാനംമ്പുഴ നവീകരണം, പാമ്പന്മാധവൻ സ്മൃതി മന്ദിരം തുടങ്ങി ഒട്ടേറെ വികസന പ്രവൃത്തികൾ കടന്നപ്പള്ളിക്ക് പൂർത്തീകരിക്കാനുണ്ട്.

ആദ്യ രണ്ടര വർഷത്തിൽ ഇതു നടപ്പിലാക്കുമെന്നാണ് നഗരവാസികളുടെ പ്രതീക്ഷ. എന്നാൽ കടന്നപ്പള്ളിയോട് കാണിച്ച സഹാനുഭൂതി എൽ. ജെ.ഡി നേതാവ് കെ.പി മോഹനനോട് മുഖ്യമന്ത്രിയും പാർട്ടിയും കാണിക്കാത്തത് തിരിച്ചടിയായി. കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും ഒൻപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച മോഹനൻ ഏതാണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് എൽ. ജെ.ഡി- ജനതാദൾ ( എസ്) തർക്കമുണ്ടായത്.

പരസ്പരം ലയിച്ചാൽ മന്ത്രി സ്ഥാനം നൽകാമെന്ന സി.പി. എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമാകട്ടെ ഇരുപാർട്ടികൾക്കും സ്വീകാര്യവുമായില്ല. ഇതുകൂടാതെ കെ.പി മോഹനനോടുള്ള മുഖ്യമന്ത്രി പിണറായി വിജയനുള്ള താൽപര്യക്കുറവും തിരിച്ചടിയായി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ കൃഷിമന്ത്രിയെന്ന നിലയിൽ ഏറ്റവും കൂടുതൽ ആരോപണ വിധേയനായ മന്ത്രിമാരിലൊരാളാണ് കെ.പി മോഹനൻ. ഇതു സി.പി. എമ്മുമായി പരസ്യ ഏറ്റുമുട്ടലിലേക്കുമെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ശ്രേയംസ് കുമാറും മനയത്ത് ചന്ദ്രനും തെരഞ്ഞെടുപ്പിൽ തോൽക്കുകയും കെ.പി മോഹനൻ മാത്രം ജയിക്കുകയും ചെയ്തത്. ഇതോടെയാണ് എൽ.ജെ.ഡിക്കുള്ള മന്ത്രി സ്ഥാനം ചർച്ചയായത്. എന്നാൽ മോഹനനന്റെ പേര് ശക്തമായി പാർട്ടി ഉയർത്തിയെങ്കിലും മുഖ്യമന്ത്രിയുടെ അതൃപ്തി രണ്ടാംവട്ട മന്ത്രി പദവിയിലേക്ക് കെ.പി മോഹനന് തടസമാവുകയായിരുന്നു. മറ്റൊരു കണ്ണൂരുകാരനായ എ.കെ ശശീന്ദ്രനും എൻ.സി.പിയിൽ മന്ത്രി സ്ഥാനത്തിന് ഇക്കുറി ശക്തമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.