കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ യുജിസിയുടെ എച്ച്ആർഡി സെന്ററിൽ അസി.പ്രൊഫസറുടെ തസ്തികയിലേക്കുള്ള നിയമത്തിനായുള്ള കൂടിക്കാഴ്ച
വിവാദത്തിലായിരിക്കുകയാണ്. എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയെ അനധികൃതമായി നിയമിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കൂടിക്കാഴ്ച നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ വീട്ടിലേക്ക് ഇന്നലെ മാർച്ച് നടത്തിയിരുന്നു. ഈ വിവാദത്തിൽ ഷംസീറിന്റെ ഭാര്യ ഡോ.പി.എം സഹല ഇന്നുപ്രതികരിച്ചു.

യോഗ്യതയുണ്ടെങ്കിൽ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാൽ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു. എംഎൽഎയുടെ ഭാര്യയായതിനാൽ തന്നെ വേട്ടയാടുകയാണെന്നും സഹല ന്യൂസ്ചാനലിനോട് പറഞ്ഞു.

'യോഗ്യതയുണ്ടെങ്കിൽ എനിക്ക് പോകാം. ഇത് ആരാണ് തീരുമാനിക്കേണ്ടത്. യൂണിവേഴ്സിറ്റിയാണ് ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. ഇന്നലത്തെ അഭിമുഖം എനിക്ക് വേണ്ടി നടത്തിയതാണെന്ന് എങ്ങനെയാണ് പറയുന്നത്. എനിക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. കഠിനാധ്വാനത്തിലൂടെയാണ് ഓരോന്നും നേടിയത്.

ഷംസീറിന്റെ ഭാര്യയായതുകൊണ്ടാണ് തനിക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം വളരെ തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്. ഷംസീറിന്റെ ഭാര്യയായതുകൊണ്ട് ഞാൻ വീട്ടിൽ ഹോം മേക്കറായി ഇരിക്കണം എന്നാണോ പറയുന്നത്. നേരത്തെയുള്ള ആരോപണത്തിൽ കോടതിയെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്. മുന്നിലുള്ള കേസുകൾ നോക്കിയാൽ നീതി ആർക്കും കിട്ടുന്നില്ല. ഇതിൽ നിന്നും ഞാൻ പിന്മാറില്ല. ഞാൻ എന്തിന് മാറി നിൽക്കണം.'സഹല പറഞ്ഞു.

പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂർ സർവ്വകലാശാലയിൽ സഹലയെ യുജിസി എച്ച് ആർഡി സെന്ററിൽ അസിസ്റ്റന്റ് ഡയറക്ടർ സ്ഥിരം നിയമനം നടക്കാൻ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി.

ഇന്നലെയാണ് തസ്തികയിലേക്ക് അഭിമുഖം നടന്നത്. ഡോ. പിഎം സഹല അടക്കം 30 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ഇന്നത്തെ ഇന്റർവ്യൂ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവർണർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു.

2020 ജൂൺ മുപ്പതിനാണ് കണ്ണൂർ സർവ്വകലാശാല എച്ച്ആർഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആർഡി സെന്ററിലെ തസ്തികകൾ താൽക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഓാൺലൈൻ ഇന്റർവ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയാണ് അയച്ചിരിക്കുന്നതെന്നുമാണ് ആരോപണം. ചുരുക്ക പട്ടിക തയ്യാറാക്കി മികച്ച അക്കാദമിക് യോഗ്യതയുള്ള 10 പേരെയാണ് സാധാരണ കൂടിക്കാഴ്ചയ്ത്ത് ക്ഷണിക്കുകയെന്നും കൂടുതൽ പേരെ ക്ഷണിച്ചത് ഷംസീറിന്റെ ഭാര്യയെ പരിഗണിക്കാന് വേണ്ടിയാണെന്നും ആണ് ആരോപണം.

അക്കാദമിക് യോദ്യതയോ അദ്ധ്യാപന പരിചയമോ കണക്കിലെടുക്കാതെ കൂടിക്കാഴ്ചയിൽ നൽകുന്ന ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താനാണ് നീക്കമെന്നും ആരോപണമുണ്ട്. സംസ്‌കൃത, കാലിക്കറ്റ് സർവകലാശാലകളിൽ അത്തരത്തിൽ അദ്ധ്യാപക നിയമനം നടത്തിയെന്ന പരാതി വിവാദമായിരു്ന്നു. കണ്ണൂർ സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോഗിക്കിൽ സയൻസസിൽ അസി.പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് ഷംസീറിന്റെ ഭാര്യയെ നിയമിച്ചിരുന്നു. നിയമനം ചട്ടങ്ങൾ മറികടന്നാണെന്ന് വ്യക്തമാക്കി ഹൈക്കോടതി റദ്ദാക്കി. ഒന്നാം റാങ്കുകാരിയെ തഴഞ്ഞാണ് ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നും കോടതി കണ്ടെത്തി.