തിരുവനന്തപുരം: വഖഫ് ബോർഡിലെ പി.എസ്.സി. നിയമന വിഷയത്തിൽ പ്രതിഷേധിച്ച മുസ്ലിം ലീഗിനെ വിമർശിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. വഖവ് ബോർഡ് പി.എസ്.സി. നിയമനത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും ചിലർ വെറുതേ ഒച്ചപ്പാടുണ്ടാക്കുന്നു. തങ്ങളുടെ ആശങ്ക പി.എസ്.സി നിയമനത്തിലല്ല, വഖഫ് സ്വത്തുക്കളിലാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തിൽ സർക്കാരിനെപിന്തുണച്ചാണ് കാന്തപുരം രംഗത്ത് വന്നത്. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതിൽ ആശങ്കപ്പെടേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിട്ടുണ്ട്. ഇതിൽ കൂടുതൽ കോലാഹലങ്ങൾ നടത്തേണ്ടതില്ലെന്നു ലീഗ് സമരങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് കാന്തപുരം പറഞ്ഞു. വഖഫ് സ്വത്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നുള്ള പരിശോധനയാണ് വേണ്ടത്. മുസ്ലിം ജമാഅത്ത് യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വഖഫ് സ്വത്തുക്കൾ കയ്യൂക്കുകൊണ്ട് ആരും വകമാറ്റി ചെലവഴിക്കരുതെന്നും അങ്ങനെയുണ്ടെങ്കിൽ തിരിച്ചുപിടിക്കണമെന്നും കാന്തപുരം പറഞ്ഞു. ഒരു വിഭാഗത്തിന് അതൊന്നും ഒരു പ്രശ്നമല്ലാതായി. കുറേ ഒച്ചപ്പാടുണ്ടാക്കി ജനങ്ങളുടെ ഇടയിൽ കുഴപ്പം സൃഷ്ടിക്കുകയാണ്. ഇപ്പോൾ തന്നെ കുറേ ദിവസമായി വലിയ ഒച്ചപ്പാട് വഖഫ് ബോർഡിലെ പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട്. ഞങ്ങൾ യഥാർഥത്തിൽ പി.എസ്.സി. നിയമനം വരുമെന്ന് കേട്ടപ്പോൾ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തോട് ഞങ്ങളുടെ അവസ്ഥകൾ വിവരിക്കുകയും ചെയ്തിട്ടുണ്ട്.

പി.എസ്.സി. നിയമനം കൊണ്ടുവരണമോ കൊണ്ടുവരേണ്ടയോ എന്നത് പ്രശ്നല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുവന്നാൽ ഇവിടെ ഒരുപാട് തീരുമാനങ്ങളും പദ്ധതികളുമെല്ലാം കാറ്റിൽപറത്തപ്പെട്ടതുപോലെ മുസ്ലിം സമുദായത്തിന് കിട്ടാത്തപോലുള്ള അവസ്ഥ വരാൻ പാടില്ല. അതുവളരെ ശ്രദ്ധിച്ച് ചെയ്യണം എന്ന് ഞങ്ങൾ പറയുകയും ചെയ്തിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു

വഖഫ് വിഷയത്തിൽ മുസ്ലിം ലീഗും സർക്കാരും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. തീരുമാനം പിൻവലിക്കുംവരെ സമരം തുടരുമെന്നാണ് ലീഗിന്റെ നിലപാട്. അതേസമയം, വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു.