മലപ്പുറം: തിരഞ്ഞെടുപ്പുകൾ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനുള്ളതാണെന്നും മതേതര മൂല്യം സംരക്ഷിക്കുന്നവർ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടണമെന്നും വ്യക്തി ഹത്യകൾ ഒഴിവാക്കി നാടിന്റെ പുരോഗതിക്കാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മഅദിൻ അക്കാദമിയുടെ മൗലിദ് ജൽസയുടെ സമാപന സമ്മേളനം മലപ്പുറം സ്വലാത്ത്‌നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പുകൾ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനുള്ളതാണ്. ആരോപണ പ്രത്യാരോപണങ്ങൾ ഒഴിവാക്കണം. പരസ്പരം പഴിചാരി ഛിദ്രത വളർത്തരുത്.

ജയ-പരാജയങ്ങളുടെ പേരിൽ പരസ്പരം കലഹങ്ങളിലേർപ്പെടരുത്. തിരഞ്ഞെടുക്കപ്പെടുന്നവർ രാജ്യത്തിന്റെ ഭരണഘടനയെ ശക്തിപ്പെടുത്താനും വികസനോന്മുഖ പ്രവർത്തനങ്ങളിൽ മുഴുകാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് മഅ്ദിൻ അക്കാദമിയുടെ അഞ്ചാമത് സംരംഭമായ 'ഹിയ' ലോഞ്ചിംഗും കാന്തപുരം നിർവ്വഹിച്ചു.

മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ലോക പ്രശസ്ത പണ്ഡിതൻ ശൈഖ് സയ്യിദ് അഫീഫുദ്ധീൻ ജീലാനി വീഡിയോ കോൺഫറൻസ് വഴി മുഖ്യാതിഥിയായി. മൻഖൂസ് മൗലിദ്, മുഹ്യിദ്ധീൻ മൗലിദ്, മുഹ്യിദ്ധീൻ മാല, അശ്റഖ പാരായണം, പ്രാർത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.സമാപന സമ്മേളനത്തിൽ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് സ്വാലിഹ് ഖാസിം അൽ ഹൈദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പി.എം മുസ്തഫ കോഡൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് പ്രസംഗിച്ചു.