തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്നത് ദുരൂഹതകൾ നിറഞ്ഞ അഴിമതി ഭരണമോ? മേയർ ആര്യാ രാജേന്ദ്രനെ മുന്നിൽ നിർത്തി ചിലർ പിൻസീറ്റ് ഡ്രൈവിങ് നടത്തുന്നുവെന്ന ആരോപണവുമായി വീണ്ടും ബിജെപി. ഒരു കോടി 20 ലക്ഷം രൂപയ്ക്ക് ഹരിയാനയിൽ നിന്ന് കൊണ്ട് വന്ന കോംപാക്ടറും കാണാനില്ലെന്ന പരാതിയാണ് പുതുതായി ഉയരുന്നത്. ബിജെപി കൗൺസിലർ കരമന അജിത്താണ് ഈ ആക്ഷേപവും ഉയർത്തുന്നത്. നേരത്തെ ആറ്റുകാൽ പൊങ്കാലയിലെ അഴിമതി അടക്കം ചർച്ചയാക്കിയത് കരമന അജിത്തായിരുന്നു.

തിരുവനന്തപുരം നഗരസഭ 70 ലക്ഷം രൂപ മുടക്കി സ്വന്തമായി വാങ്ങിയ രണ്ട് ഹിറ്റാച്ചികൾ ചവറുകൂനയിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നു എന്ന ആരോപണവുമായി കൗൺസിലർ കരമന അജിത്ത് എത്തിയത് വ്യാപക ചർച്ചയായി. തുരുമ്പെടുപ്പിക്കുന്നത് എന്തിനാണെന്ന് പൊതുജനം കൂടി അറിയണമെന്ന അജിത്തിന്റെ ചോദ്യത്തിന് ഇനിയും മറുപടി പറഞ്ഞില്ല. എന്നാൽ എൽകെജി സെന്ററിലെ എൽകെജിക്കാരിയെന്ന ആരോപണത്തിൽ വികാരപരമായി ആര്യ മറുപടി പറയുകയും ചെയ്തു. ഇതിന് ശേഷമാണ് കോംപാക്ടറുടെ അപ്രത്യക്ഷമാകൽ ചർച്ചയാകുന്നത്.

ആറ്റുകാൽ പൊങ്കാല പൊതു സ്ഥലത്ത് നടക്കാതിരുന്നിട്ടും വൃത്തിയാക്കലിന് ടിപ്പർ വാടകയ്ക്ക് എടുത്തത് സിപിഎം നേതാക്കൾക്ക് പണം കൊടുക്കനാണെന്ന ആരോപണവും സജീവമായിരുന്നു. കോംപക്ടറിനെ മുക്കിയതിന് പിന്നിലും ഈ ഇടപെടൽ ആണെന്നാണ് ആക്ഷേപം. ഹിറ്റാച്ചിയെ കാണാതാക്കിയതും സിപിഎം നേതാക്കളെ പരിപോഷിപ്പിക്കാനാണെന്ന ആരോപണം ശക്തമാണ്,

സാധാരണ ഒരു ടിപ്പറിൽ കൊള്ളുന്നതിന്റെ അഞ്ച് ഇരട്ടി മാലിന്യം കൊള്ളിക്കാൻ, ടിപ്പറിൽ നിറയ്ക്കുന്ന മാലിന്യം അകത്തേക്ക് ഇടിച്ച് അമർത്തി വയ്ക്കാനാണ് ഹരിയാനയിൽ നിന്ന് ഒരു കോടി മുടക്കി കോംപാക്ടർ കൊണ്ട് വന്നത്... അതും കട്ടപ്പുറത്താണ്... അതോട് കൂടി സാധാരണ ലോഡ് മാത്രമേ കൊണ്ട് പോകുന്നുള്ളൂ... അങ്ങനെ ആണെങ്കിലല്ലേ ടിപ്പറുകൾക്ക് കൂടുതൽ ട്രിപ്പടിക്കാൻ പറ്റൂ... അപ്പോഴല്ലേ ടിപ്പർ മുതലാളിമാരായ സിപിഎം കാർക്ക് കൂടുതൽ കാശ് കിട്ടൂ...-ഇതാണ് കരമന അജിത്തിന്റെ ആരോപണം.

നഗരസഭ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് മേയറാണ്... അവരെ ആരെങ്കിലും റിമോർട്ട് കൺട്രോളിലൂടെ നിയന്ത്രിച്ചാണോ കുഴിയിൽ ചാടിക്കുന്നതെന്ന് അറിയില്ല... ആണെങ്കിൽ സിപിഎം അത് നിർത്തണം... പൊതുമുതൽ ഇങ്ങനെ നശിപ്പിക്കരുത്...-എന്നും കരമന അജിത്ത് ആവശ്യപ്പെടുന്നു. ഇതോടെ നഗരസഭയിൽ പിൻസീറ്റ് ഡ്രൈവിങ് നടക്കുന്നുവെന്ന ആരോപണമാണ് ശക്തമാക്കുന്നത്.

21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയർ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടർച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയർ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി.

സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്. ഇതിനു ശേഷമാണ് ആറ്റുകാലിലെയും ഹിറ്റാച്ചിയിലേയും വിവാദങ്ങൾ. ഇതിനെ എല്ലാം മേയറുടെ പക്വത പ്രയോഗത്തിലൂടെ മറികടക്കാനാണ് സൈബർ സഖാക്കളുടെ ഉദ്ദേശം. അതിനിടെയാണ് വീണ്ടും ചോദ്യവുമായി കരമന അജിത്ത് എത്തുന്നത്.

കമരന അജിത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഒരു കോടി 20 ലക്ഷം രൂപയ്ക്ക്............ ഹരിയാനയിൽ നിന്ന് കൊണ്ട് വന്ന കോംപാക്ടറും കാണാനില്ല...

1500 CFT കപ്പാസിറ്റിയുള്ള കോംപാക്ടർ കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ വാങ്ങിയതാണ്.

സാധാരണ ഒരു ടിപ്പറിൽ കൊള്ളുന്നതിന്റെ അഞ്ച് ഇരട്ടി മാലിന്യം കൊള്ളിക്കാൻ, ടിപ്പറിൽ നിറയ്ക്കുന്ന മാലിന്യം അകത്തേക്ക് ഇടിച്ച് അമർത്തി വയ്ക്കാനാണ് ഹരിയാനയിൽ നിന്ന് ഒരു കോടി മുടക്കി കോംപാക്ടർ കൊണ്ട് വന്നത്...

അതും കട്ടപ്പുറത്താണ്...

അതോട് കൂടി സാധാരണ ലോഡ് മാത്രമേ കൊണ്ട് പോകുന്നുള്ളൂ... അങ്ങനെ ആണെങ്കിലല്ലേ ടിപ്പറുകൾക്ക് കൂടുതൽ ട്രിപ്പടിക്കാൻ പറ്റൂ... അപ്പോഴല്ലേ ടിപ്പർ മുതലാളിമാരായ സിപിഎം കാർക്ക് കൂടുതൽ കാശ് കിട്ടൂ...

ചോദിക്കുന്നത് പൊതുജനങ്ങൾക്ക് വേണ്ടിയാണ്... അവരുടെ കാശാണ്... നഗരസഭ ഭരിക്കുന്നവർക്ക് ഇതൊക്കെ നിസ്സാരം ആയിരിക്കും... ഞങ്ങൾക്കങ്ങനല്ല...

നഗരസഭ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് മേയറാണ്... അവരെ ആരെങ്കിലും റിമോർട്ട് കൺട്രോളിലൂടെ നിയന്ത്രിച്ചാണോ കുഴിയിൽ ചാടിക്കുന്നതെന്ന് അറിയില്ല... ആണെങ്കിൽ സിപിഎം അത് നിർത്തണം... പൊതുമുതൽ ഇങ്ങനെ നശിപ്പിക്കരുത്...