കോഴിക്കോട്: കൊടുവള്ളി നഗരസഭ 15ാം വാർഡ് ചുണ്ടപ്പുറത്ത് ഐഎൻഎൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഐഎൻഎൽ നഗരസഭ ജനറൽ സെക്രട്ടറി ഒപി റഷീദാണ് ചുണ്ടപ്പുറത്ത് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. നേരത്തെ ഫൈസൽ കാരാട്ടിന്റെ പേര് പ്രഖ്യാപിച്ചിരുന്നെങ്കിലും സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം പിൻവലിക്കുകയായിരുന്നു.

നഗരസഭയിൽ ഐഎൻഎല്ലിന് ലഭിച്ച സീറ്റാണ് ചുണ്ടപ്പുറം. സ്വർണ്ണക്കടത്ത് വിവാദങ്ങൾക്കിടയിലും ഇവിടെ ഫൈസൽകാരാട്ടിനെ തന്നെ മത്സരിപ്പിക്കാൻ ഇടതുമുന്നണി തീരുമാനിക്കുകയായിരുന്നു. എന്നാൽ സിപിഐഎം എതിർപ്പിനെ തുടർന്നാണ് ഫൈസൽ കാരാട്ടിന്റെ പേര് പിൻവലിച്ച് പുതിയ സ്ഥാനാർത്ഥിയെ ഐഎൻഎൽ മത്സര രംഗത്ത് ഇറക്കിയത്. കാരാട്ട് ഫൈസലിനോട് മത്സരരംഗത്തു നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സിപി നാസർകോയ തങ്ങൾ പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയനായതിനെ തുടർന്നാണ് ഫൈസൽ കാരാട്ടിനോട് മത്സരത്തിൽ നിന്നും പിന്മാറാൻ ഇടതുമുന്നണി നിർദ്ദേശിച്ചത്. സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശം കോഴിക്കോട് ജില്ല കമ്മറ്റി ഫൈസൽ കാരാട്ടിനെയും കൊടുവള്ളിയിലെ പ്രാദേശിക സിപിഐഎം നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലേക്ക് ഫൈസൽ കാരാട്ട് ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഡ്വ. പിടിഎ റഹീം എംഎൽഎയാണ് ഇക്കാര്യ പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനത്തെ തുടർന്ന് പോസ്റ്ററുകളും പ്രചരണ സാമഗ്രികളും തയ്യാറാക്കിയിരുന്നു. പ്രചരണത്തിന്റെ പ്രാരംഭം ഘടത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു.

ഈ ഘട്ടത്തിലാണ് ഇപ്പോൾ മത്സര രംഗത്ത് നിന്നും മാറി നിൽക്കാൻ സിപിഐഎം ആവശ്യപ്പെട്ടിരിക്കുന്നത്.ഇപ്പോൾ കാലാവധി അവസാനിച്ച ടേമിൽ കൊടുവള്ളി നഗരസഭയിൽ പറമ്പത്ത്കാവിൽ നിന്നുള്ള ഇടതുപക്ഷ കൗൺസിലറായിരുന്നു ഫൈസൽ കാരാട്ട്. അദ്ദേഹത്തെ സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പുറമെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ പ്രതി കൂടിയാണ് ഫൈസൽ കാരാട്ട്. ഈ പശ്ചാതലത്തിൽ അദ്ദേഹം മത്സരിക്കുന്നതിനോട് കൊടുവള്ളിയിലെ ഇടതുമുന്നണിയിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇത്തരം ഭിന്നഅഭിപ്രായങ്ങൾ കണക്കിലെടുത്താണ് ഇപ്പോൾ മത്സ രംഗത്തു നിന്നും മാറിനിൽക്കാൻ സിപിഐഎം നിർദ്ദേശിച്ചിരിക്കുന്നത്.

അതേ സമയം ഇടതുമുന്നണി മത്സരത്തിൽ നിന്നും പിന്മാറാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഫൈസൽ കാരാട്ട് അത് അംഗീകരിക്കുമോ എന്ന കാര്യത്തിൽ വ്യ്കതത വന്നിട്ടില്ല. അദ്ദേഹം ചുണ്ടപ്പുറത്ത് നിന്നും സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകലും പറഞ്ഞുകേൾക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഫൈസൽ കാരാട്ടും സന്നദ്ധനായിട്ടില്ല.