കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യംചെയ്ത കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്മാറാൻ സിപിഎം ആവശ്യപ്പെട്ടു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസൽ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്.

നിലവിൽ നഗരസഭാ ഇടത് കൗൺസിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനിൽ സ്ഥാനാർത്ഥിയായി പി.ടി.എ.റഹീം എംഎൽഎയാണ് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തീരുമാനം. ഇത് വിവാദമായി. ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥിത്വം ചർച്ചയാക്കി. സിപിഎം ജില്ലാ കമ്മിറ്റിയാണ് ഫൈസലിനോട് മത്സര രംഗത്ത് നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണിത്. ഇത് ഫൈസൽ അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം.

ഫൈസൽ സ്വതന്ത്രനായി മത്സരിക്കാനും സാധ്യതയുണ്ട്. അതിനിടെ പരസ്യമായി തള്ളി പറഞ്ഞ് രഹസ്യമായി കാരാട്ട് ഫൈസലിന് പിന്തുണ കൊടുക്കാനാണ് സിപിഎം നീക്കമെന്ന സംശയവും ഉണ്ട്. അതുകൊണ്ട് തന്നെ ഫൈസലിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ സിപിഎം ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയാണ് ഫൈസൽ.

കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ തന്നെ എതിർവികാരം ഉയർന്നിരുന്നു. സിപിഎമ്മിന് ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ചാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണത്തെ മാനദണ്ഡമല്ല ഇത്തവണത്തേതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു.