കോഴിക്കോട്: സ്വർണ്ണക്കടത്തിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിലെ ചൊല്ലിയുണ്ടായ പ്രശ്നം രണ് നിയമസഭാമണ്ഡലങ്ങളിലെ ഇടതുസാധ്യതകളെ ബാധിക്കുന്ന രാഷ്ട്രീയ വിഷയമായി വളരുന്നു. കൊടുവള്ളിയിലെ ഇടതുസ്വതന്ത്രനായ കാരാട്ട് റസാഖും, കുന്ദമംഗലത്തെ ഇടതുസ്വതന്ത്രനായ അഡ്വ പിടിഎ റഹീമും ഫലത്തിൽ ഫൈസലിനെ അനുകൂലിക്കുന്നവരാണ്. ഇവരുടെ ബലത്തിലാണ് കാരട്ട് ഫൈസൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചത് എന്നാണ് സിപിഎം കരുതുന്നത്.

പഴയ റഹീം ലീഗ് പുനരുജ്ജീവിപ്പിച്ച് എൽഡിഎഫിനെതിരെ വോട്ട് മറിച്ച് ഫൈസലിനെ ജയിപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ട്. ഇതോടെ ഈ രണ്ട് എംഎൽഎമാരും സിപിഎമ്മുമായി മാനസികമായി അകന്നിരിക്കയാണ്. അതിനടെ കൊടുവള്ളി നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസൽ പ്രഖ്യാപിച്ചിരിക്കയാണ്. ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു. ഭാവി നടപടികൾ ആലോചിക്കാൻ ഫൈസൽ അനുകൂലികൾ യോഗം ചേരുന്നു.

ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ നിർത്തുമെങ്കിലും റഹീം വിഭാഗം വോട്ട് ചോർത്തുമെന്നാണ് അറിയപ്പെടുന്നത്. നേരത്തെ പിടിഎ റഹീം എംഎൽഎയുടെ പേരിൽ ലീഗിൽനിന്ന് വിഘടിച്ചുവന്ന വിഭാഗം ആയിരുന്നു ഇവർ. പിന്നീട് ഇവർ ഐഎൻഎല്ലിൽ ചേരുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ഈ കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേർന്ന താമരശേരി ലോക്കൽ കമ്മറ്റിയിൽ വിഷയം ചർച്ചക്ക് വന്നിരുന്നു. അതിനിടെതാണ് കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിൽ നിന്നും ഇടത് സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസലിന്റെ പേരാണ് പ്രഖ്യാപിച്ചത്.

കുന്ദമംഗലം എംഎൽഎ അഡ്വ പി ടി എ റഹീമായിരുന്നു ഫൈസലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നത്. നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് കാരാട്ട് ഫൈസൽ. തങ്ങളോട് ചോദിക്കാതെ എംഎൽഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ബാധിക്കുമെന്നാണ് കരുതുന്നത്.

എന്നാൽ കൊടുവള്ളി എംഎൽഎ ആയ കാരട്ട് റസാഖ് കുറച്ചുകൂടി തന്ത്രപുർവമായ സമീപനമാണ് എടുത്തത്. കാരാട്ട് ഫൈസലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇദ്ദേഹം പരസ്യമായി പറയുന്നുണ്ട്. റഹീമിനെപ്പോലെ തന്നെ ലീഗിൽനിന്ന് തെറ്റിപ്പിരിഞ്ഞുവന്ന് ഇടതുസ്വതന്ത്രനായി മൽസരിച്ച് അട്ടിമറി വിജയം നേടിയ വ്യക്തിയാണ് റസാഖ്. നേരത്തെയും പലതവണ റസാഖിന്റെ പേരിൽ സ്വർണ്ണക്കടത്ത് ആരോപണം ഉണ്ടായിട്ടുണ്ട്. പിടിഎ റഹീം ആകട്ടെ കോഫാപോസ് കേസിൽ പെട്ട സ്വർണ്ണക്കടത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിലും ആരോപണത്തിൽ പെട്ടിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇവർ ഗോൾഡൻ എംഎൽഎമാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. നയതന്ത്ര സ്വർണ്ണക്കടത്ത് വൻ വിവാദമാവുകയും മിനി കൂപ്പർ അടക്കമുള്ള വിഷയങ്ങൾ വീണ്ടും ഉയർന്നുവരികയും ചെയ്ത സാഹചര്യത്തിൽ സ്വർണ്ണക്കടത്ത് ബന്ധമുള്ളവരോട് അകലം പാലിക്കാൻ സിപിഎം നിർബന്ധിതരാവും. അങ്ങനെയാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈ എംഎൽഎമാർക്ക് സീറ്റ് കിട്ടാൻപോലും സാധ്യതയില്ല. കാരാട്ട് ഫൈസൽ സിപിഎമ്മിനെ വെല്ലുവിളിച്ച് മൽസരിച്ച് ജയിക്കയാണെങ്കിൽ അതിനു പിന്നിൽ ഈ രണ്ട് എംഎൽമാർ തന്നെയാണെന്ന് ആരോപണം വരാൻ ഇടയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയിൽ ഈ പ്രശ്നം വളരുമെന്ന സൂചനയാണ് ഇപ്പോൾ കൊടുവള്ളിയിൽനിന്ന് ലഭിക്കുന്നത്.