മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി കരീന കപൂറിന്റെയും അമൃത അറോറയുടേയും വീട്ടിൽ മുംബൈ കോർപ്പറേഷൻ കോവിഡ് പരിശോധന നടത്തും. ബംഗ്ലാവുകളിൽ സമ്പർക്കത്തിൽ വന്നവരെ എല്ലാവരെയും പരിശോധിക്കും. ഇവരുടെ വസതികൾ കഴിഞ്ഞ ദിവസം കോർപ്പറേഷൻ സീൽ ചെയ്തിരുന്നു.

ഇന്നലെയാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം സമ്പർക്കത്തിൽ വന്നവരെ കുറിച്ചുള്ള വിവരങ്ങൾ നടിമാർ നൽകുന്നില്ലെന്ന് കോർപ്പറേഷൻ പറഞ്ഞു. എന്നാൽ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കരീനയിൽ നിന്ന് കൂടുതൽ പേർക്ക് കോവിഡ് പടർന്നിരിക്കുമോ എന്ന ആശങ്കയിലാണ് കോർപ്പറേഷൻ.

കോവിഡ് ചട്ടം ലംഘിച്ച് നിരവധി പാർട്ടികളിൽ കരീന പങ്കെടുത്തിരുന്നുവെന്നാണ് കോർപ്പറേഷൻ ആരോപിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണ് കരീനയും അമൃതയും. ഇവർ പലപ്പോഴും ഒരുമിച്ച് പാർട്ടികൾ നടത്താറുമുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകൾ ആർടിപിസിആർ പരിശോധന നടത്തണമെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു.