ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കോൺഗ്രസിനെ നയിക്കാൻ പുതിയ കമ്മിറ്റികൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം. കൂടുതൽ കമ്മിറ്റകൾ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ശിവഗംഗ എംപിയായ കാർത്തി ചിദംബരം പറഞ്ഞു.

ധാരാളം കമ്മിറ്റികൾക്കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. അതുകൊണ്ട് സൂപ്പർ ജംബോ കമ്മിറ്റിക്ക് പകരം ശക്തമായ ഒരു കമ്മിറ്റിയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഉത്തരവാദിത്വവും ആധികാരികതയും ഉള്ള ഒരു കമ്മിറ്റിയാണ് തമിഴ്‌നാട് കോൺഗ്രസിന് ആവശ്യമെന്ന് കാർത്തി അഭിപ്രായപ്പെട്ടു.

32 വൈസ് പ്രസിഡന്റുമാർ, 57 ജനറൽ സെക്രട്ടറിമാർ, 104 സെക്രട്ടറിമാർ, 56 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, 200 മറ്റ് അംഗങ്ങൾ, ട്രഷറർമാർ എന്നിവരെ നിശ്ചയിച്ചുകൊണ്ടുള്ള കമ്മിറ്റിയാണ് കോൺഗ്രസ് പ്രഖ്യാപച്ചത്. ഇതിനു പിന്നാലെയാണ് ജംബോ കമ്മിറ്റികൾ കൊണ്ട് പ്രയോജനം ഇല്ലെന്ന് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തത്.