തൃശൂർ: കോടികളുടെ വൻ ക്രമക്കേട് നടന്ന കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ. നിക്ഷേപകർക്ക് തിരികെ നൽകാനുള്ളതിന്റെ കണക്കും തിരിമറി കേസിൽ പ്രതികളായവരുടെ സ്വത്ത് വിവരങ്ങളും ഈ സമിതി പരിശോധിച്ച് വിലയിരുത്തും.

പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തിലാകും മൂന്നംഗ സമിതി പ്രവർത്തിക്കുക.

അതിനിടെ കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളെ പൊലീസ് പിടികൂടി. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ സപ്ലൈക്കോ ഏജന്റായി പ്രവർത്തിച്ച ബിജോയ് കോടികൾ വെട്ടിച്ചുവെന്നാണ് കണ്ടെത്തൽ. പ്രതികൾ തേക്കടിയിൽ നിർമ്മിക്കുന്ന റിസോർട്ടിന്റെ എംഡിയും ബിജോയ് ആയിരുന്നു.