തൃശ്ശുർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഴുവൻ കുറ്റവും ജീവനക്കാർക്ക് മേൽ ചുമത്തി രക്ഷപ്പെടാൻ ഭരണസമിതിയുടെ സമർത്ഥമായ ശ്രമം.ഇതിന്റെ ആദ്യപടിയായി ഭരണസമിതി അംഗങ്ങളുൾപ്പടെ അധികൃതരുടെ ഒപ്പുകൾ മുഴുവൻ ജീവനക്കാർ വ്യാജമായി ഇട്ടതാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. ബാങ്ക് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് പ്രതിചേർത്ത 6 ജീവനക്കാരുടെ തലയിലേക്കു കേസിന്റെ മുഴുവൻ ഉത്തരവാദിത്തവും കെട്ടിവച്ചു തലയൂരാൻ ഭരണസമിതിയുടെ നീക്കം.

വൻതോതിൽ തട്ടിപ്പു നടന്നതായി കണ്ടെത്തിയ പല രേഖകളിലും ബാങ്കിന്റെ പ്രസിഡന്റ് ഒപ്പുവച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തനിക്കൊന്നും അറിയില്ലെന്നും ജീവനക്കാർ തന്റെ പേരിൽ കള്ള ഒപ്പിട്ടെന്നുമാണ് പ്രസിഡന്റ് ആദ്യം മുതൽ ആവർത്തിച്ചിരുന്നത്. ഈടായി സമർപ്പിച്ച ഭൂരേഖകൾ തിട്ടപ്പെടുത്താൻ സ്ഥലം പരിശോധിച്ച ഡയറക്ടർമാർക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല. എന്നാൽ, ഇവരെ ആരെയും പ്രതിചേർക്കാതെയാണ് ആദ്യം പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും കേസെടുത്തത്.ഈ സാധ്യത മുൻനിർത്തിയാണ് ഭരണസമിതിയുടെ പുതിയ ചുവട്.

വ്യാജ ഒപ്പുകൾ ഇട്ടിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും എല്ലാം വ്യാജമല്ലെന്നു ജീവനക്കാർ ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഭരണസമിതി പ്രസിഡന്റും ഡയറക്ടർമാരും സിപിഎം പ്രാദേശിക നേതാക്കളാണെന്നതിനാൽ ഇവരെ രക്ഷിക്കാൻ ശ്രമം ഊർജിതമാണെന്ന് ആക്ഷേപമുണ്ട്.

പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയ സത്യവാങ്മൂലത്തിൽ തങ്ങൾ ചെയ്തതെല്ലാം ഭരണസമിതിയുടെ നിർദ്ദേശം പാലിച്ചാണെന്നു വിശദീകരിച്ചിട്ടുണ്ട്. ഈ വാദം തള്ളിയാണ് ഭരണസമിതി രംഗത്ത് വന്നിരിക്കുന്നത്.തട്ടിപ്പ് ചെയ്തതൊക്കെയും അവർ തന്നെയെന്നും അതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവും ഉണ്ടായില്ലെന്നും സമിതി വിശദീകരിക്കുന്നു. എന്നാൽ, തങ്ങളെ ബലിയാടാക്കാനാണു ശ്രമമെന്നു ജീവനക്കാർ ആരോപിച്ചിരുന്നു. ഭരണസമിതി നേതാക്കളെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ സമ്മർദം ശക്തമായിട്ടുണ്ട്.