തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷാ പട്ടികയിൽ എത്ര പേരെ ഉൾപ്പെടുത്തണമെന്ന് തിങ്കളാഴ്ച ചേരുന്ന പിഎസ് സി യോഗം തീരുമാനിക്കും. മൂന്ന് വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളാണു പരീക്ഷ യെഴുതിയത്. ആദ്യ 2 വിഭാഗങ്ങളിൽനിന്ന് എത്ര പേരെ ഉൾപ്പെടുത്തണമെന്നാകും ഇപ്പോൾ തീരുമാനിക്കുക. മൂന്നാമത്തെ വിഭാഗത്തിന്റെ നിയമന നടപടി കേസിൽ പെട്ടതിനാൽ തീരുമാനം പിന്നീട് എടുക്കും. മൂന്നാം വിഭാഗത്തിൽ നിന്ന് ആയിരത്തിൽ താഴെ പേരേ പ്രാഥമിക പരീക്ഷ എഴുതിയിട്ടുള്ളൂ. അവരിൽനിന്നു യോഗ്യത നേടുന്നവരെക്കൂടി ഉൾപ്പെടുത്തി രണ്ടാം ഘട്ട പരീക്ഷ നടത്തും.

പരീക്ഷയുടെ പ്രാഥമിക പരീക്ഷാ ഫലം 26നു പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ കെഎഎസിൽ 100 തസ്തിക ഉണ്ടാകുമെന്നു സർക്കാർ വൃത്തങ്ങൾ കുറെക്കാലമായി പറയുന്നുണ്ടെങ്കിലും ഒരു ഒഴിവു പോലും ഇതുവരെ പിഎസ്‌സിയെ അറിയിച്ചിട്ടില്ല.രണ്ടാമത്തെ പരീക്ഷ കഴിയുമ്പോഴേക്കും ഒഴിവു റിപ്പോർട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ഒരു വർഷമാണു റാങ്ക്പട്ടികയുടെ കാലാവധി. 3 വിഭാഗം ഉദ്യോഗാർഥികളെയും 1:1:1 അനുപാതത്തിലാകും നിയമിക്കുക.

പിഎസ്‌സി പരീക്ഷകൾ രണ്ട് ഘട്ടമായി നടത്തുന്നതിനു മുന്നോടിയായി ഡിസംബറിൽ നടത്തുന്ന സ്‌ക്രീനിങ് പരീക്ഷയുടെ സിലബസ് പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എസ്എസ്എൽസി വരെ യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പൊതുപരീക്ഷയാണ് ആദ്യം നടത്തുക. പൊതു വിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ്, ഗണിതം, മാനസികശേഷി പരിശോധന എന്നിവയാണു സിലബസിൽ പ്രധാനമായും ഉള്ളത്.

പൊതുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കായി ഓരോ തസ്തികയ്ക്കും പ്രത്യേകം പരീക്ഷ നടത്തിയാകും റാങ്ക്പട്ടികകൾ തയാറാക്കുക. പൊതു പരീക്ഷയുടെ മാർക്ക് റാങ്ക്പട്ടിക തയാറാക്കാൻ പരിഗണിക്കില്ല.