അലഹാബാദ്: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്ണജന്മഭൂമിയും 'മോചിപ്പിക്കണ'മെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തുമെന്ന് സന്ന്യാസിമാരുടെ ഉന്നതസമിതിയായ അഖില ഭാരതീയ അഖാഢ പരിഷത്ത്. തിങ്കളാഴ്ചനടന്ന യോഗത്തിലാണ് തീരുമാനം.

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും ഇനി കാശിയുടെയും മഥുരയുടെയും മോചനത്തിന്റെ സമയമാണെന്നും എ.ബി.എ.പി. പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു. വാരാണസിയിലെ ഗ്യാൻ വാപി പള്ളിയും മഥുരയിലെ ഈദ്ഗാഹും വിട്ടുകിട്ടണമെന്നാണ് സംഘടനയുടെ ആവശ്യം.

ആദ്യഘട്ടത്തിൽ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും കഴിഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും അഖാഢ പരിഷത്ത് വ്യക്തമാക്കി. ഇതിനായി വി.എച്ച്.പി.യുടെയും ആർ.എസ്.എസിന്റെയും സഹകരണവും അഖാഢ തേടിയിട്ടുണ്ട്.