ശ്രീനഗർ: ജമ്മുകശ്മീരിൽ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഗുപ്കാർ സഖ്യത്തിന് മികച്ച വിജയം. കോൺഗ്രസും ഗുപ്കാർ സഖ്യവും കൂടി 20 ജില്ലകളിൽ 13 എണ്ണത്തിന്റെ ഭരണം പിടിച്ചു. അതേ സമയം ജമ്മു മേഖലയിൽ ബിജെപിയാണ് നേട്ടമുണ്ടാക്കിയത്. ഇത് പ്രതീക്ഷിച്ചിരുന്നതുമാണ്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ പി.ഡി.പി. തുടങ്ങി ജമ്മു കശമീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏഴ് പാർട്ടികൾ ചേർന്നുള്ളതാണ് ഗുപ്കാർ സഖ്യം. ബിജെപിയെ നേരിടാനായിരുന്നു ഈ സഖ്യം.

ജില്ല വികസന സമിതികളിൽ ആകെയുള്ള 280 സീറ്റുകളിൽ ഗുപ്കാർ സഖ്യം നൂറിലധികം സീറ്റുകളിൽ വിജയിച്ചു. 74 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസ് 27 സീറ്റുകളിൽ ജയിച്ചു. സിപിഎം. അഞ്ചു സീറ്റുകൾ നേടി. ഓരോ ജില്ലയിലും 14 സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. ഒരു ജില്ലയിലെ ഫലം പൂർണ്ണമായും പുറത്ത് വന്നിട്ടില്ല.

ജമ്മു മേഖലയിൽ ബിജെപി. 71 സീറ്റുകൾ നേടിയപ്പോൾ ഗുപ്കാർ സഖ്യം 35, കോൺഗ്രസ് 17 സീറ്റുകളിൽ ജയിച്ചു. കശ്മീരിൽ ഗുപ്കാർ സഖ്യം 72 സീറ്റുകളിൽ ജയിച്ചു. ബിജെപിക്ക് മൂന്ന് സീറ്റുകളിൽ മാത്രമേ ജയിക്കാനായുള്ളൂ. കോൺഗ്രസ് 10 സീറ്റുകൾ നേടി. ഒരുമിച്ചു നിന്നാൽ നേട്ടമുണ്ടാക്കാമെന്ന പ്രതിപക്ഷ തന്ത്രമാണ് ഫാറൂഖ് അബ്ദുള്ളയും മെഹബൂബാ മുഫ്തിയും പ്രയോഗിച്ചത്. ഇത് വിജയിക്കുകയും ചെയ്തു.

വിജയഘാഷങ്ങളിൽ മുന്മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള , മെഹബൂബ മുഫ്തി എന്നിവർ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇവർ ഉണ്ടായിരുന്നില്ല. പ്രചാരണത്തിന് അനുവദിച്ചില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. ഭീകരബന്ധമാരോപിച്ച് ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്ത പി.ഡി.പി. നേതാവ് വാഹീദ് പാരാ പുൽവാമ ജില്ലയിൽ വിജയിച്ചു. ബിജെപി.യെയാണ് തോൽപ്പിച്ചത്.