ശ്രീനഗർ: ജമ്മു കശ്മീർ ഡിസ്ട്രിക്റ്റ് ഡവലപ്പമെന്റ് തിരഞ്ഞെടുപ്പിൽ കശ്മീരിൽ ഗുപ്കാർ സഖ്യവും ജമ്മുവിൽ ബിജെപിയുമാണ് മുന്നേറുന്നത്. ഫാറൂഖ് അബ്ദുള്ള നേതൃത്വം നൽകുന്ന പീപ്പിൾ അലൈൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ 81 സീറ്റുകളിൽ മുന്നിലാണ് എന്നാണ് റിപ്പോർട്ടുകൾ. ബിജെപി 47 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസിന് നിലവിൽ 21 സീറ്റുകളിൽ മാത്രമേ ലീഡുള്ളു. പ്രതിപക്ഷ സഖ്യത്തിന്റെ ഭാ​ഗമാകാതെ ഒറ്റക്കാണ് കോൺ​ഗ്രസ് മത്സരിച്ചത്. കശ്മീരിൽ ഗുപ്കാർ സഖ്യവും ജമ്മുവിൽ ബിജെപിയുമാണ് മുന്നേറുന്നത്. ജമ്മു പ്രവിശ്യയിൽ 44 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം തുടരുന്നത്. ഗുപ്കാർ സഖ്യം ഇവിടെ 20 സീറ്റിലാണ് മുന്നിൽ. എന്നാൽ കശ്മീരിൽ ഗുപ്കാർ സഖ്യം 61 സീറ്റുകളിൽ മുന്നിലാണ്. ഇവിടെ മൂന്ന് സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നിലുള്ളത്.

ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചാണ് ജമ്മു കശ്മീരിലെ 22 ജില്ലകളിലും വികസന കൗൺസിലുകൾ സ്ഥാപിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. കൗൺസിൽ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. അംഗങ്ങൾ അദ്ധ്യക്ഷൻ അല്ലെങ്കിൽ അദ്ധ്യക്ഷയെ നിശ്ചയിക്കും. നിലവിൽ മന്ത്രിമാരുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാ വികസന ബോർഡിനു പകരമാണ് ഈ സംവിധാനം. ആദ്യം വികസന കൗൺസിൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോ​ഗമിക്കുന്നത്. ജമ്മു കശ്മീരിൻറ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രമുഖ പാർട്ടികൾ നിലപാട് കടുപ്പിക്കുമ്പോഴായിരുന്നു ജില്ലാ വികസന കൗൺസിലുകൾ സ്ഥാപിച്ചു കൊണ്ട് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം.

ദക്ഷിണ കശ്മീരിൽ 49ൽ 34 സീറ്റുകളിലും സഖ്യ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുകയാണ്. നാഷണൽ കോൺഫറൻസ് 15 സീറ്റിലും പിഡിപി 14 സീറ്റിലും സിപിഎം അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു. പത്ത് സീറ്റുകളിൽ സ്വതന്ത്രർ മുന്നിലാണ്. അഞ്ച് സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. വടക്കൻ കശ്മീരിൽ 34ൽ 13 സീറ്റുകളിൽ സഖ്യം മുന്നിലാണ്. പതിനൊന്ന് സീറ്റുകളിൽ സ്വതന്ത്രരും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്.

ജമ്മു മേഖലയിൽ ബിജെപിക്കാണ് മുൻതൂക്കം. 108 സീറ്റുകളിൽ 53ഇടത്ത് ബിജെപി ലീഡ് ചെയ്യുന്നു. നാഷണൽ കോൺഫറൻസ് 20, കോൺഗ്രസ് 13, ജമ്മു കശ്മീർ അപ്‌നി പാർട്ടി 4, ജമ്മു കശ്മീർ നാഷണൽ പാന്തേർസ് പാർട്ടി 2, ദോഗ്രാ സ്വാഭിമാൻ സംഗതൻ 1, സ്വതന്ത്രർ 14 എന്നിങ്ങനെയാണ് ജമ്മു മേഖലയിലെ കക്ഷിനില.

ഏഴ് രാഷ്ട്രീയ കക്ഷികളാണ് ഗുപ്കാർ സഖ്യത്തിലുള്ളത്. കേന്ദ്രസർക്കാർ എടുത്തു കളഞ്ഞ കശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കാൻ വേണ്ടി രൂപകീരിച്ച മുന്നണിയാണിത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് നീങ്ങാൻ ഓ​ഗസ്റ്റിൽ കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുന്നതിനാണ് ഒരുമിച്ചു പോരാടാൻ ദീർഘനാളായുള്ള വൈരം മറന്ന് പാർട്ടികൾ ഒന്നിച്ചത്. നാഷണൽ കോൺഫറൻസ്, പിഡിപി, പീപ്പിൾസ് കോൺഫറൻസ്, സിപിഎം, കോൺഗ്രസ്, അവാമി നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് ഒരുമിച്ചു നിൽക്കുന്നതിന് അന്ന് തീരുമാനിച്ചത്. 2019 ഓഗസ്റ്റ് നാലിന് നടത്തിയ ഗുപ്കർ പ്രഖ്യാപനത്തിന്റെ തുടർച്ചയായിരുന്നു പാർട്ടികളുടെ പുതിയ നീക്കം. ഗുപ്കർ പ്രഖ്യാപനം-2 എന്നാണ് ഓ​ഗസ്റ്റ് 23ലെ ഇവരുടെ സംയുക്ത പ്രസ്താവനയെ വിശേഷിപ്പിച്ചിരുന്നത്. ഫറുഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജാദ് ലോൺ, എം.വൈ. താരിഗാമി, മുസാഫിർ ഷാ, ജി.എ. മിർ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നത്.

മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ശ്രീനഗറിലുള്ള ഗുപ്കർ റോഡ് വസതിയിലെത്തി കണ്ടത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി നിലനിർത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും പാർട്ടികൾ പ്രതിജ്ഞ എടുത്തു. ഇതിൽ എല്ലാ പാർട്ടികളും ഒപ്പുവെച്ചിരുന്നു. ഇതാണ് ഗുപ്കർ പ്രഖ്യാപനം എന്ന പേരിൽ അറിയപ്പെടുന്നത്. ഫാറൂഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ജിഎ മിർ, സിപിഎം നേതാവ് എംവൈ തരിഗാമി, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജദ് ഗാനി ലോൺ അവാമി നാഷണൽ കോൺഫറൻസ് മേധാവി മുസഫർ ഷാ എന്നിവരായിരുന്നു പ്രസ്താവനയിൽ ഒപ്പുവെച്ചത്.