ശ്രീനഗർ: സിഖ് യുവതികളെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ജമ്മുവിൽ വൻ പ്രതിഷേധം കൊഴുക്കവേ സ്വന്തം വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് യുവതികളിൽ ഒരാൾ. കുടുംബം ഉപദ്രവിക്കുമെന്നും അവരിൽ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് ഖദീജ എന്ന് പേരുമാറിയ വിരാൻ പാൽ ലൗർ ആണ്.

മൻസൂർ അഹമ്മദ് ഭട്ട് എന്നയാളെ വിവാഹം കഴിക്കാൻ വേണ്ടി ജനുവരി 20 ന് മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരുടേയും നിർബ്ബന്ധത്തിന് വഴങ്ങിയല്ലെന്നും കോടതിയിൽ പറഞ്ഞിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ബദ്ഗാം ജില്ലയിൽ വച്ചായിരുന്നു 26 കാരിയായ ഖദീജ 31 കാരനെ വിവാഹം കഴിച്ചത്. അതിന് ശേഷം യുവതിയുടെ കുടുംബത്തിന്റെ ആക്രമണം ഭയന്നു കഴിയുകയാണ് ഇവർ.

മുസ്ലിം യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സിഖ് പെൺകുട്ടികളെ നിർബന്ധിതമായി മതം മാറ്റിയെന്ന് ആരോപിച്ച സിഖ് മതത്തിന്റെ ആൾക്കാർ രംഗത്ത് വന്നതോടെ സംഭവത്തിന് വിവാദത്തിന്റെ മുഖം വന്നത്. കേന്ദ്രത്തിലും പഞ്ചാബിലും ഒരേ മുന്നണിയുടെ ഭാഗമായ അകാലിദളിന്റെയും ബിജെപിയുടെയും പിന്തുണയോടെയാണ് ഇവർ പ്രതിഷേധവുമായി എത്തിയതെന്നാണ് കേസിലെ വാദികൾ പറയുന്നത്.

മുസ്ളീങ്ങളും സിഖുകരും തമ്മിൽ ഉണ്ടാകുന്ന ഏതു തരത്തിലുള്ള നീക്കങ്ങളും കശ്മീരിനാണ് കുഴപ്പമാകുക എന്നാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഇരു സമുദായങ്ങളും തമ്മിൽ വർഷങ്ങൾ പഴക്കമുള്ള സൗഹൃദത്തിലാണെന്നും ഇരു സമുദായങ്ങളും പരസ്പരംപിന്തുണച്ചാണ് വരുന്നതെന്നും ആ ബന്ധം തകർക്കാൻ അനേകം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. അതേസമയം കേസിൽ നിർബ്ബന്ധിത മതംമാറ്റം ആരോപിച്ച് വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡിയുമായി സിഖ് മത നേതാക്കൾ ചർച്ച നടത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ കഠ്വ, ഉദംപുർ, റിയാസി, ശ്രീനഗർ, അനന്ത്‌നാഗ് എന്നിവിടങ്ങളിൽ സിഖുകാർ തെരുവിലിറങ്ങിയിരുന്നു.. കഠ്വ, ജമ്മു എന്നിവിടങ്ങളിലെ ഹൈവേകൾ തടഞ്ഞു. സിഖ് സമുദായത്തിലെ നിരവധി പേർ ജമ്മു കശ്മീർ ഭവനു പുറത്ത് തടിച്ചുകൂടി.

ജഗ് ആസ്ര ഗുരു ഓട്ട് (ജാഗോ) എന്ന പാർട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ജമ്മുവിലും മതപരിവർത്തന നിരോധന നിയമം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് പാർട്ടി പ്രസിഡന്റ് ജി.കെ. മഞ്ജിത് സിങ് പറഞ്ഞു. യുവതികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയ്യക്കണമെന്നും ഇത്തരം നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമമുണ്ടാകണമെന്നും ആവശ്യപ്പെടുന്നു.