ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർക്കുന്ന സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ഗുപ്കാർ സഖ്യവും കോൺഗ്രസും. കശ്മീരിലെ പതിനാല് രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് വ്യാഴാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണമുണ്ട്.

സോണിയ ഗാന്ധി അധ്യക്ഷയായ യോഗത്തിൽ, പങ്കെടുക്കാൻ തീരുമാനമായതായി കോൺഗ്രസ് ജമ്മു കശ്മീർ വക്താവ് രവീന്ദർ ശർമ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി രൂപീകരിച്ച ഗുപ്കാർ സഖ്യവും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും യോഗത്തിൽ പങ്കെടുക്കുമെന്നും ഗുപ്കാർ സഖ്യത്തിന്റെ അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടിക്കിൽ 370 റദ്ദാക്കിയതിന് ശേഷം, കേന്ദ്രസർക്കാർ വിളിച്ചു ചേർക്കുന്ന ആദ്യത്തെ സർവകക്ഷി യോഗമാണിത്. കശ്മീരിന് സംസ്ഥാന പദവി നൽകുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമെന്നാണ് സൂചന.