ലണ്ടൻ: നീണ്ട പത്തുവർഷത്തെ ദാമ്പത്യം, മൂൻ കുട്ടികൾ, എന്നിട്ടും പ്രണയത്തിന്റെ തീവ്രത തെല്ലും കുറയാതെ ജ്വലിച്ചുനിൽക്കുന്നു. ഒരുപക്ഷെ ആധുനിക കാലഘട്ടത്തിൽ വളരെ അപൂർവ്വമായി മാത്രം സംഭവിക്കാറുള്ളതാണിത്. ഈ അപൂർവ്വതയ്ക്ക് സാംക്ഷ്യം വഹിക്കുകയാണ് കെൻസിങ്ടൺ കൊട്ടാരം. വില്യമിന്റെയും കെയ്റ്റിന്റെയു പത്താം വിവാഹവാർഷിക വാർത്ത കൊട്ടാരം അറിയിച്ചത് പ്രണയാതുരരായ ഇണകളുടെ ചിത്രത്തിലൂടെയായിരുന്നു.

ലണ്ടനിലെ അവരുടെ ഔദ്യോഗിക വസതിയുടെ പൂമുഖത്തു നിന്നും അതുപോലെ അവിടത്തെ പൂന്തോട്ടത്തിൽ നിന്നും ചിത്രീകരിച്ച രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ക്രിസ് ഫ്ളോയ്ഡാണ് ഈ രണ്ട് ചിത്രങ്ങളും എടുത്തിട്ടുള്ളത്. വ്യത്യസ്ത ഷേഡുകളിലുള്ള നീല വസ്ത്രങ്ങളുമായാണ് 38 കാരനായ വില്യമും 39 കാരിയായ കെയ്റ്റും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ഡയാനാ രാജകുമാരിയുടെസഫയർ-ഡയമണ്ട് മോതിരവും അണിഞ്ഞാണ് കെയ്റ്റ് തന്റെ പ്രിയതമന്റെ നെഞ്ചോട് ഒട്ടിനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

നിരവധി ചിട്ടവട്ടങ്ങളും മാമൂലുകളും നിറഞ്ഞതാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ജീവിതം. അതുമായി പൊരുത്തപ്പെട്ടുപോകാൻ കെയ്റ്റിനായി എന്നതിലാണ് ഏറെ സന്തോഷമെന്നാണ് വില്യം രാജകുമാരൻ പറയുന്നത്. കെയ്റ്റ് തന്റെ കടമകൾ കൃത്യമായി നിർവഹിക്കുകയും വില്യമിന് ഒരു നല്ല ഭാര്യയും മക്കൾക്ക് നല്ലൊരു അമ്മയും ആയിരിക്കുന്നു എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. 10 വർഷങ്ങൾക്ക് മുൻപ് വെസ്റ്റ് മിനിസ്റ്റർ അബെയിലെ അൾത്താരയിൽ നിന്നും കൈകോർത്ത് പിടിച്ച് ഇറങ്ങിയ അതേ വില്യമും കെയ്റ്റും തന്നെയാണ് ഇപ്പോഴുള്ളതെന്നും കൊട്ടാരം വൃത്തങ്ങൾ പറയുന്നു.

വിവാഹത്തിന്റെ ആദ്യ ദിനങ്ങളിലെ പ്രണയത്തിന്റെ തീവ്രത ഇപ്പോഴും ഇരുവർക്കുമിടയിൽ ഒട്ടും ചോർന്ന് പോകാതെയിരിക്കുന്നു എന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. വിവാഹത്തിനു ശെഷം ബക്കിങ്ഹാം പാലസിന്റെ ബാൽക്കണിയിൽ നൂറുകണക്കിന് ആരാധകരെ സാക്ഷിനിർത്തി വില്യം നൽകിയ ആദ്യചുംബനത്തിന്റെ മാസ്മരികത ഇപ്പോഴും അവർക്കിടയിലുണ്ടെന്ന് സുഹൃത്തുക്കളും പറയുന്നു.

30 വർഷങ്ങൾക്ക് മുൻപ് വിവാഹദിനത്തിൽ ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയുമുപയോഗിച്ച അതേ വാഹനത്തിലായിരുന്നു അന്ന് ഇവരും വെസ്റ്റ്മിനിസ്റ്റർ അബിയിൽ നിന്നും ബക്കിങ്ഹാം പാലസിലെത്തിയത്. വില്യമും കെയ്റ്റു വിവാഹവാർഷികം ആഘോഷിക്കാനൊരുങ്ങുമ്പോൾ അവരുടെ വിവാഹദിനം ഓർത്തെടുക്കുകയാണ് കൊട്ടാരത്തിലെ ജീവനക്കാരിൽ പലരും. വില്യമിന്റെയും കെയ്റ്റിന്റെയും വിവാഹ വസ്ത്രങ്ങൾ മുതൽ അന്ന് നടന്ന ഓരോ സംഭവവും ഇവരിൽ പലരും കൃത്യമായി ഓർത്തുവയ്ക്കുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയതിനു ശേഷം മുറിച്ച കേക്കിന്റെ നിറവും മറ്റും ഇവർ ഇപ്പോഴും ഓർക്കുന്നു.

ശരിക്കും ഒരു ദേശീയ പരിപാടി പോലെയായിരുന്നു 10 വർഷങ്ങൾക്ക് മുൻപ് ഇവരുടെ വിവാഹം. ആയിരക്കണക്കിന് ആളുകളാണ് വെസ്റ്റ് മിനിസ്റ്റർ അബിയിൽ നിന്നും ബക്കിങ്ഹാം പാലസിലേക്കുള്ള വഴിയിൽ നവദമ്പതിമാർക്ക് ആശംസകൾ നേരാൻ തടിച്ചുകൂടിയത്. ആ ആൾക്കൂട്ടത്തിനിടയിലും പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ഒരുങ്ങിയ 52 പേരെ പൊലീസ് അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സെയിന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്താണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. 2002-ൽ കാരുണ്യപ്രവർത്തനങ്ങള്ക്കുള്ള ഫണ്ട് സ്വരൂപിക്കുവാനായി സംഘടിപ്പിച്ച ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തപ്പോഴാണ് കെയ്റ്റ് വില്യമിന്റെ ഹൃദയത്തിൽ കയറിപ്പറ്റുന്നത്. പിന്നീട് ആ ബന്ധം കൂടുതൽ ശക്തമാവുകയായിരുന്നു.