കട്ടപ്പന: അത്യാസന്ന നിലയിലായ രോഗിയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് കഴിഞ്ഞയാഴ്‌ച്ച കട്ടപ്പന സബ് രജിസ്ട്രാറെ മന്ത്രി ജി സുധാകരൻ സസ്‌പെന്റ് ചെയ്തത്. ഈ വാർത്ത മലയാളത്തിലെ എല്ലാ മാധ്യമങ്ങളിലും വരുകയും ചെയ്തു. ഉദ്യോഗസ്ഥ ഗർവ്വിന് കൊടുത്ത അടിയായിരുന്നു ഈ സസ്‌പെൻഷൻ. സുനീഷ് ജോസഫ് എന് കട്ടപ്പനക്കാരൻ കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ വേളിലാണ് വസ്തു രജിസ്റ്റർ ചെയ്യാനായി ഓഫീസിൽ എത്തിയത്. എന്നാൽ, തീർത്തും മനുഷ്യത്ത രഹിതമായാണ് ഇവർ പെരുമാറിയത്. ഈ സംഭവത്തിന് ശേഷം സുനീഷ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. മരണം ഉറപ്പിച്ച മനുഷ്യനോട് അൽപ്പം ദയ കാണിക്കാനാണ് ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നത്.

'എനിക്കിനി അധികകാലം ബാക്കിയില്ല, അതിനു മുൻപ് കുറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്'.. എന്നു പറഞ്ഞു കൊണ്ടായിരുന്നു സുനീഷ് ജോസഫ് രജിസ്ട്രാർ ഓഫീസ് കയറിയിറങ്ങിയത്. വയറിൽ ഒരു മുഴയായി തുടങ്ങി ശരീരം മുഴുവൻ കാൻസർ കീഴടക്കിക്കുകായിരുന്നു അദ്ദേഹത്തെ. സുനീഷ് തളർന്നുപോയത് സഹജീവിയോടു കരുണ കാണിക്കാത്ത ചില ഉദ്യോഗസ്ഥരുടെ പിടിവാശിക്കു മുന്നിലാണ്. മരിക്കുന്നതിനു മൂന്നു ദിവസം മുൻപു തന്റെ പേരിലുള്ള കുടുംബസ്വത്ത് ആധാരം ചെയ്യാനായി സുനീഷിനെ കട്ടപ്പന സബ് രജിസ്റ്റ്രാർ ഓഫിസിലെത്തിച്ചു. ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ രോഗിയായ സുനീഷ് നേരിട്ടു മൂന്നാം നിലയിൽ എത്തണമെന്ന് സബ് രജിസ്റ്റ്രാർ നിർബന്ധം പിടിച്ചതോടെ സുഹൃത്തുക്കൾ കസേരയിലിരുത്തി പടികൾ ചുമന്നുകയറ്റുകയായിരുന്നു. ഓരോ പടിയും കയറുമ്പോൾ സുനീഷ് വേദനകൊണ്ടു നിലവിളിച്ചതായി അന്ന് സഹായിക്കാൻ കൂടെയുണ്ടായിരുന്നവർ പറയുന്നു.

ഗൾഫിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന സുനീഷ് 2019 സെപ്റ്റംബർ 27ന് ആണ് സർക്കാർ സർവീസിൽ ജോലിയിൽ പ്രവേശിച്ചത്. കരുണാപുരം പഞ്ചായത്തിൽ ഡ്രൈവറായിട്ടായിരുന്നു ജോലി. നവംബർ 8 വരെ ജോലി ചെയ്തു. പിന്നീട് ചികിത്സയ്ക്കായി അവധിയെടുത്തു. പേരെടുത്ത ആശുപത്രികളിൽ ചികിത്സിച്ചു. ഒടുവിൽ രോഗം കലശലായ അവസ്ഥയിൽ മുരിക്കാശേരിയിലെ വീട്ടിൽ മടങ്ങിയെത്തി. ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ഇനിയില്ലെന്നു തോന്നിയപ്പോൾ താൻ മരിച്ചാലും കുടുംബം നല്ല നിലയിൽ ജീവിക്കണമെന്ന് ആഗ്രഹിച്ചത്.

സുനീഷ് തന്റെ ജോലി മരണശേഷം ഭാര്യയ്ക്കു ലഭിക്കണമെന്നും സ്വത്തുവകകൾ പങ്കുവയ്ക്കണമെന്നും ആഗ്രഹിച്ചു. ഇതിനായിട്ടാണ് വിവിധ ഓഫിസുകളിൽ പോയത്. ശരീരം അനങ്ങിയാൽ വേദനിക്കുന്ന സ്ഥിതിയിലാണ് വെരിഫിക്കേഷനായി പിഎസ്‌സി ഓഫിസിന്റെ പുറത്തെത്തിയത്. ഉദ്യോഗസ്ഥർ ആംബുലൻസിന്റെ അടുത്തെത്തി വെരിഫിക്കേഷൻ നടപടികൾ വേഗത്തിൽ തീർത്തു. ആറാം തീയതി സബ് രജിസ്റ്റ്രാർ ഓഫിസിലേക്ക് സുനീഷും കുടുംബവും പോകുമ്പോഴും പ്രതീക്ഷിച്ചത് ഇതേ സമീപനമായിരുന്നു. ഭക്ഷണം കഴിക്കാനുള്ള ട്യൂബ് പോലും ഇട്ട നിലയിലായിരുന്നു. കാലുകൾ നീരുവച്ചിരുന്നു. മുകൾനിലയിലുള്ള ഓഫിസിൽ എത്താതെ റജിസ്‌ട്രേഷൻ നടത്തില്ലെന്ന് സബ് രജിസ്റ്റ്രാർ നിർബന്ധംപിടിച്ചെന്ന് സുനീഷിന്റെ ഭാര്യ ബിൻസി പറയുന്നു. അവശത കൂടിയതോടെ കസേരയിൽ ഇരുത്തിയാണ് സുനീഷിനെ മുകൾ നിലയിലെ ഓഫിസിൽ എത്തിച്ചത്.

മൂക്കിലൂടെ ട്യൂബ് ഇട്ട് അവശനിലയിലുള്ള രോഗിയുമായി എത്തിയിട്ടും ഉദ്യോഗസ്ഥർക്ക് ഒരു ഭാവമാറ്റവും കണ്ടില്ലെന്നും ബിൻസി പറയുന്നു. സർക്കാർ ജീവനക്കാരനായ തന്നോട് ഇതാണ് സമീപനമെങ്കിൽ സാധാരണക്കാരോട് എങ്ങനെയാകുമെന്നും സുനീഷ് തന്നോടു ചോദിച്ചതു ബിൻസി ഓർമിച്ചു. തിരിച്ചെത്തിയശേഷം സുനീഷിന്റെ ആരോഗ്യനില മോശമായി. മൂന്നാം ദിവസം ഉച്ചയോടെ മരിച്ചു. പിന്തുണച്ചവരോടും സബ് രജിസ്റ്റ്രാറെ സസ്‌പെൻഡ് ചെയ്ത മന്ത്രിയോടും നന്ദിയുണ്ടെന്നു ബിൻസി പറയുന്നു.

അതേസമയം, ചട്ടപ്രകാരമുള്ള നടപടിക്രമം മാത്രമാണ് നടത്തിയതെന്നും രോഗി മരണാസന്നനാണെന്നോ ഗുരുതരാവസ്ഥയിലാണെന്നോ കൂടെവന്നവർ ഓഫിസറെ അറിയിച്ചിരുന്നില്ലെന്നും കട്ടപ്പന സബ് രജിസ്റ്റ്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അന്ന് കട്ടപ്പന സബ് രജിസ്റ്റ്രാർ ഓഫിസിൽ തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ വിഷമം മനസ്സിൽ ബാക്കിവച്ചാണ് സുനീഷ് പോയതെന്ന് ഭാര്യ ബിൻസി. ആ സംഭവം തനിക്ക് വലിയ വിഷമമായെന്ന് സുനീഷ് പറഞ്ഞിരുന്നു. സുനീഷിന്റെ അമ്മയ്ക്കും ആറാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ മകനുമൊപ്പം കട്ടപ്പനയിലെ വീട്ടിലാണ് ബിൻസി. പിഎസ്‌സിയുടെ നടപടിക്രമങ്ങൾ പൂർത്തിയായ ഉടൻ സുനീഷിന്റെ ജോലി ബിൻസിക്കു ലഭിക്കും. വീടിന്റെ ഒഴിമുറി ആധാരവും ശരിയായി.

വകുപ്പുകളുടെയും ചട്ടങ്ങളുടെയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെയും അനുതാപത്തിന്റെയും വശങ്ങൾ കൂടെ പരിഗണിക്കണമെന്നായിരുന്നു നാട്ടുകാർ പറയുന്നത്. നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യോഗസ്ഥർക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം. പൊതുജനങ്ങളോട് നിർദയമായി പെരുമാറുന്ന ഉദ്യോഗസ്ഥരോട് ഒരു ദയയും ഉണ്ടാവില്ലെന്നും ഉറപ്പാക്കണമെന്നുമുള്ള ആവശ്യമാണ് ഈ സംഭവം മുൻ നിർത്തി ഉയരുന്നത്.

മനുഷ്യത്വ രഹിതമായി പെരുമാറിയെന്നു കാണിച്ചു കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെയാണ് പ്രാഥമിക അന്വേഷണം നടത്തി മന്ത്രി സസ്‌പെന്റ് ചെയ്തത്. ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിർഭാഗ്യവശാൽ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട പരിഗണനയോടെ റിപ്പോർട്ട് ചെയ്ത് കണ്ടില്ല.

വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ അനുതാപത്തിന്റെ ചക്രവാളം കൂടി കാണാൻ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യാഗസ്ഥർക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണമെന്നാണ് മന്ത്രി ജി സുധാകരൻ ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്.