ആലപ്പുഴ: സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിജിയുടെ പ്രതിമയിൽ മാല ചാർത്തുന്നത് രാജ്യമെങ്ങും നടക്കുന്ന ചടങ്ങാണ്. രാജ്യത്തെ ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിക്കാൻ ​ഗാന്ധിജിയുടെ നേതൃത്വത്തിൽ ധീരദേശാഭിമാനികൾ നടത്തിയ സമരപോരാട്ടങ്ങൾക്ക് നൽകുന്ന ആദരവിന്റെ ഭാ​ഗമാണ് അത്. എന്നാൽ, രാഷ്ട്രപിതാവിന്റെ പ്രതിമയിൽ മാല ചാർത്തുന്നത് സ്വാതന്ത്യത്തിനായുള്ള പോരാട്ടത്തെക്കാൾ വലിയ പോരാട്ടമായിരുന്നു കായംകുളം നഗരസഭ വൈസ് ചെയർപഴ്സൺ ആർ.ഗിരിജക്ക്. ഉയരം കൂടിയ ​ഗാന്ധിജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്താൻ നഗരസഭ വൈസ് ചെയർപഴ്സൺ നന്നേ പാടുപെട്ടു.

കായംകുളം നഗരസഭ വൈസ് ചെയർപഴ്സൺ ആർ.ഗിരിജക്ക് ​ഗാന്ധി പ്രതിമയിൽ മാല ചാർത്താൻ തയ്യാറാക്കിയിരുന്നത് രണ്ടു കസേരകളും രണ്ടു മേശകളുമാണ്. മേശയുടെ മുകളിൽ കസേരയിട്ട് അതിനു മുകളിൽ കയറിനിന്ന് ഗാന്ധിജിക്ക് മാല അർപ്പിക്കാനായിരുന്നു പദ്ധതി. വളരെ പ്രയാസപ്പെട്ടാണ് ​ഗിരിജ മുകളിൽ കയറിയത്. എന്നാൽ ഏറ്റവും ഒടുവിലെത്തിയപ്പോൾ കാര്യങ്ങൾ ഏറ്റവും കഠിനം. മാല ഇടാനായി നോക്കിയപ്പോൾ പിന്നെയും പെട്ടു. മാല വീശിയപ്പോൾ താഴെ വീണത് ഗാന്ധിയുടെ കണ്ണട. അവസാനം സാഹസികമായി അത് സാധിച്ചു. മാലയിട്ടതിനു ശേഷമാണ് ഗാന്ധിജിക്ക് വീണ്ടും കണ്ണാടിവച്ചു നൽകിയത്. താഴെ എത്തിയപ്പോഴാണ് വൈസ് ചെയർപഴ്സണ് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത്.