കൊല്ലം: കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ സിയാദിനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. കോൺഗ്രസ് കൗൺസിലറായ കാവിൽ നിസാമാണ് അറസ്റ്റിലായത്. സിയാദ് വധക്കേസിലെ മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ നിസാമിന്റെ ബൈക്കിലാണ് മുജീബ് വീട്ടിലേക്ക് മടങ്ങിയതെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു.

ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും ഈ വിവരം പൊലീസിൽ അറിയിക്കാത്തതിനാണ് നിസാമിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതികൾ വെറ്റ മുജീബും വിളക്ക് ഷെഫീഖ് എന്നീ ഗുണ്ടാസംഘ നേതാക്കന്മാരാണ്. സിയാദ് കൊല്ലപ്പെടുമ്പോൾ സിയാദിനൊപ്പമുണ്ടായിരുന്ന രജീഷിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ മുജീബിനും ഷെഫീഖിനും എതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.

സിയാദിന്റെത് രാഷ്ട്രീയ കൊലപാതകമല്ലെന്നും നേരത്തെയുണ്ടായ കുടിപ്പകയും തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നൽകുന്ന സൂചന.എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു.