തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപാസിൽ ചൊവ്വാഴ്ച ടോൾ പിരിവ് തുടങ്ങും. കാറുകൾക്കും ചെറുവാഹനങ്ങൾക്കും 70 രൂപ നിരക്കിൽ ടോൾ ഈടാക്കാനാണ് തീരുമാനം. എല്ലാവിഭാഗം വാഹനങ്ങൾക്കും ഒരു മാസത്തേക്കുള്ള പാസും ലഭ്യമാണ്.

ഏഴ് ആക്‌സിലുകളുള്ള വലിയ ഭാരവാഹനങ്ങൾക്ക് ഈടാക്കുന്ന 445 രൂപയാണ് ഉയർന്ന നിരക്ക്. ടോൾ പിരിക്കുന്നതിനായി വിളിച്ച ഇടെൻഡറിലാണ് ദേശീയപാത അഥോറിറ്റി ടോൾ നിരക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടുദിവസത്തിനകം നിരക്കുകൾ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യും.

ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ടോൾ ബാധകമല്ല. കാറ്, ജീപ്പ് അടക്കം ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 70 രൂപയാണ് നിരക്ക്. അതേദിവസം തന്നെ തിരിച്ചുയാത്ര ചെയ്താൽ ഇരു യാത്രകൾക്കും കൂടി 105 രൂപയാകും. ചെറു വാണിജ്യവാഹനങ്ങൾക്ക് 110 രൂപയും രണ്ട് ആക്‌സിൽ വരെയുള്ള ബസിനും ട്രക്കിനും 235 രൂപയുമാണ് നിരക്ക്. മൂന്ന് ആക്‌സിലുള്ള വാണിജ്യവാഹനങ്ങൾക്ക് 255 രൂപയും ഈടാക്കും.

ഏഴ് ആക്‌സിലുകളുള്ള വലിയ ഭാരവാഹനങ്ങൾക്ക് 445 രൂപയാണ് ടോൾ. പ്രദേശവാസികളുടെ കാറുകൾക്ക് 285 രൂപയ്ക്ക് പ്രതിമാസ പാസ് ലഭിക്കും. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത എല്ലാ തരം വാണിജ്യവാഹനങ്ങൾക്കും നിരക്കിൽ ഇളവുണ്ട്. ഹാസ്ടാഗ് ഉപയോഗിച്ച് ഇലക്ട്രോണിക്ക് മാർഗത്തിലാണ് ടോൾ പിരിക്കുന്നത്. തിരുവല്ലത്തുള്ള ടോൾ ബൂത്തിൽ ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം തയ്യാറായി.