തിരുവനന്തപുരം : കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള നീക്കത്തിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫും ബിജെപിയും. റിട്ടേണിങ്ങ് ഓഫീസറുടെ നടപടിയെ വിമർശിച്ച് യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾ രംഗത്തെത്തി.

സ്‌ട്രോങ്ങ് റൂം തുറക്കാൻ പദ്ധതി ഇട്ടത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കഴക്കൂട്ടം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാൽ. കേട്ടുകേൾവി ഇല്ലാത്ത നടപടിക്കാണ് ഇവിടെ പദ്ധതിയിട്ടത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കളക്ടറും അടിയന്തിര നടപടികൾ സ്വീകരിക്കണം.

പോസ്റ്റൽ വോട്ടുകൾ സുരക്ഷിതമായല്ല വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിക്കുന്നത്. തുറന്ന സഞ്ചികളിലാണ് പോസ്റ്റൽ വോട്ടുകൾ കൊണ്ടുപോകുന്നത്. പോസ്റ്റൽ വോട്ടുകൾ കൂടുതൽ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഇലക്ഷൻ കമ്മിഷൻ നടപടി സ്വീകരിക്കണമെന്നും ഡോ എസ് എസ് ലാൽ ആവശ്യപ്പെട്ടു.

വോട്ടെണ്ണൽ ദിവസം തുറക്കേണ്ട റൂം എന്തടിസ്ഥാനത്തിലാണ് ഇന്ന് തുറക്കാൻ ശ്രമിച്ചത് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കണം. എല്ലാദിവസവും രാഷ്ട്രീയ പാർട്ടികളുടെ അറിവോ സമ്മതമോ ഇല്ലാതെ പോസ്റ്റൽ വോട്ടുകൾ ദിവസവും സ്‌ട്രോങ്ങ് റൂമിൽ വയ്ക്കുന്നു എന്ന് പറയുമ്പോൾ അട്ടിമറിക്കുള്ള വ്യാപ്തി വലുതാണ്.

തെരഞ്ഞെടുപ്പ് നടത്തുന്നത് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥർ സി പി എം അനുകൂല സംഘടനാ പ്രതിനിധികളാണ്. അതിനാൽ ഇക്കാര്യത്തിൽ അടിയന്തിര നടപടി കൈക്കൊള്ളണം എന്നും ഡോ എസ് എസ് ലാൽ ആവശ്യപ്പെട്ടു.

തീരുമാനത്തിനെതിരെ എതിർപ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാർത്ഥികൾ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാർത്ഥിക്ക് എതിർപ്പ് ഇല്ലാത്തതിൽ അസ്വാഭാവികതയുണ്ടെന്നും കോൺഗ്രസിന്റെ എസ്എസ് ലാൽ പറഞ്ഞു. സാധാരണ സ്ട്രോങ് റൂം പൂട്ടിയാൽ വോട്ടെണ്ണൽ ദിവസം ജനപ്രതിനിധികളുടെ മുന്നിൽ വച്ച് മാത്രമേ അത് തുറക്കാറുള്ളൂയെന്നും ലാൽ പറഞ്ഞു.

സ്ട്രോങ്ങ് റൂം തുറക്കാൻ ശ്രമിച്ച റിട്ടേണിങ്ങ് ഓഫീസർക്കെതിരെ ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണക്ക് ബിജെപി പരാതി നൽകി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ അട്ടിമറി ശ്രമം നടത്താനാണ് സിപിഎം ശ്രമിച്ചതെന്ന് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

'നിരന്തരമായ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് സിപിഎമ്മിന്റെ ഇത്തരം അട്ടിമറി ശ്രമങ്ങൾ ചെറുക്കനായത്.' റിട്ടേണിങ് ഓഫീസർ സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കേടായ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമാണ് റിട്ടേണിങ് ഓഫീസർ തുറക്കാൻ ശ്രമിച്ചത്. ഇതിനെതിരെ യുഡിഎഫും ബിജെപിയും രംഗത്ത് വന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ചത്.