കൊല്ലം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് ഏറ്റവും മികച്ച വിജയം നൽകിയ ജില്ലയാണ് കൊല്ലം. ജില്ലയിൽ ആകെയുള്ള പതിനൊന്നിൽ പതിനൊന്ന് മണ്ഡലങ്ങളിലും ഇടത് മുന്നണി വിജയിച്ചു. കൊല്ലം ജില്ല ഒരു കാലത്ത് സിപിഐയുടെ ശക്തിദുർ​ഗമായിരുന്നു. അതിൽ പത്തനാപുരം മണ്ഡലമായിരുന്നു സിപിഐ അഭിമാന പൂർവം പറഞ്ഞ്രിരുന്നത്. സിപിഐയുംസിപിഎമ്മും പരസ്പരം മത്സരിച്ച സമയത്തും സിപിഐയെ കൈവിടാതിരുന്ന മണ്ഡലമെന്ന ഖ്യാതിയായിരുന്നു പത്തനാപുരത്ത് സിപിഎമ്മിന്. ആ ശക്തികേന്ദ്രം പൊളിച്ചാണ് കെ ബി ​ഗണേശ് കുമാർ അവിടെ വിജയപതാക പാറിച്ചത്. അതുകൊണ്ട് തന്നെ പിതാവ് ബാലകൃഷ്ണപിള്ളക്ക് കൊട്ടാരക്കര എങ്ങനെയാണോ അതുപോലെ അഭിമാന സ്തംഭമാണ് കെ ബി ​ഗണേശ് കുമാറിന് പത്തനാപുരവും. ഐഷാ പോറ്റിയെ കൊട്ടാരക്കരയിൽ നിന്നും ഒഴിവാക്കുന്നതിന് കേരള കോൺ​ഗ്രസിന് കൊട്ടാരക്കര നൽകി പകരം പത്തനാപുരം എടുക്കണമെന്ന സിപിഎം ആ​ഗ്രഹത്തിന് തടസ്സമാകുന്നതും ​ഗണേശ് കുമാറിന്റെ ഈ അഭിമാന പ്രശ്നം തന്നെയാണ്. ഒപ്പം, യുഡിഎഫിൽ നിൽക്കുമ്പോൾ തങ്ങൾ മത്സരിച്ചിരുന്ന കൊട്ടാരക്കര കൂടി ഇക്കുറി വേണമെന്ന ആവശ്യമാകും കേരള കോൺ​ഗ്രസ് ബി ഉയർത്തുക.

കേരള കോൺ​ഗ്രസ് എമ്മിന് പാലാ നിയമസഭാ മണ്ഡലം എങ്ങനെയാണോ അതുപോലെയാണ് കേരള കോൺ​ഗ്രസ് ബിക്ക് കൊട്ടാരക്കര എന്ന നിലപാടാണ് ​ഗണേശ് കുമാർ ഉയർത്തുക. ബാലകൃഷ്ണപിള്ള നിരവധി തവണ പ്രതിനിധീകരിച്ച മണ്ഡലം എന്ന നിലയിൽ കൊട്ടാരക്കര തിരികെ വേണമെന്ന ആവശ്യമാണ് ​ഗണേശ് ഉയർത്തുക എന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം, കൊല്ലം ജില്ലയിൽ എല്ലാ സീറ്റുകളിലും വിജയ സാധ്യതയുള്ളതിനാൽ ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റ് നൽകാതെ ഭൂപിപക്ഷം സീറ്റുകളിലും മത്സരിക്കുക എന്ന നയമാണ് സിപിഎം സ്വീകരിക്കുക.

നിലവിൽ സിപിഎമ്മിന്റെ ഐഷ പോറ്റി മൂന്നാംതവണയാണ് കൊട്ടാരക്കരയിൽ നിന്നു മത്സരിച്ചു ജയിച്ചത്. കൊട്ടാരക്കര സീറ്റിൽ യുഡിഎഫിനു വേണ്ടി വർഷങ്ങളായി മത്സരിക്കുന്നത് കേരള കോൺഗ്രസ് (ബി) ആണ്. കൊട്ടാരക്കരയും തൊട്ടടുത്ത മണ്ഡലം പത്തനാപുരവുമാണ് കേരള കോൺഗ്രസ് (ബി) മത്സരിക്കുന്ന സീറ്റുകൾ. ഇതിൽ പത്തനാപുരത്ത് നിന്ന് കെ.ബി. ഗണേശ് കുമാർ നിരവധി തവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പട്ട നേതാവാണ്. കൊട്ടാരക്കരയിൽ ആർ ബാലകൃഷ്ണപിള്ളയാണ് മത്സരിക്കുന്നത്. 2006 ൽ ഐഷ പോറ്റിയോടു ബാലകൃഷ്ണപിള്ള പരാജയപ്പെട്ടു. 2011 തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ബി സ്ഥാനാർത്ഥി ഡോ. എൻ. മുരളിയെ ആണ് ഐഷ പോറ്റി തോൽപ്പിച്ചത്. പിന്നീട് യുഡിഎഫുമായി പിണങ്ങി മുന്നണി വിട്ടതിനെ തുടർന്ന് കഴിഞ്ഞതവണ ഐഷ പോറ്റിയെ കേരള കോൺഗ്രസ് ബിയും കൊട്ടാരക്കരയിൽ പിന്തുണയ്ക്കുകായിരുന്നു. ഇനിയൊരു അവസരം ഐഷ പോറ്റിക്ക് സിപിഎം നൽകില്ല.

കെ കരുണാകരന്റെ ആശിർവാദത്തോടെ 2001-ലാണ് ഗണേശ് കുമാർ പത്തനാപുരത്ത് മത്സരിക്കുന്നത്. നാല് തവണ നിയമസഭയിലെത്തിയ ഗണേശിന് ഓരോതവണയും വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാനായി. ഓരോ തവണയും വ്യക്തമായ ഭൂരി പക്ഷത്തോടെ വിജയം. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ലെങ്കിലും ഗണേശ് അല്ലാതെ മറ്റൊരാളെ പത്തനാപുരത്ത് ഇടതുമുന്നണിക്ക് ചിന്തിക്കാനില്ല. ജില്ലയിലെ മുതിർന്ന സിപിഎം നേതാവായ കെ.എൻ ബാലഗോപാലിനെ പത്തനാപുരത്തേക്ക് നിർത്തി ഗണേശ് കുമാറിനെ കൊട്ടാരക്കരയിലേക്ക് മാറ്റുന്നതായ അഭ്യൂഹങ്ങൾ പരന്നുവെങ്കിലും പത്തനാപുരം വിട്ടൊരു ചിന്തയില്ലെന്ന് ​ഗണേശ് കുമാർ വ്യക്തമാക്കി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് കൊട്ടാരക്കര കൂടി വേണമെന്ന ആവശ്യം പാർട്ടി ശക്തമാക്കുന്നത്.

ഇടതുമുന്നണിയിൽ തന്നെ നേരത്തെ സിപിഎമ്മിനേക്കാൾ സീറ്റിൽ സിപിഐ മത്സരിച്ചുന്ന ജില്ലയാണ് കൊല്ലം. ഏഴ് സീറ്റിൽ വരെ കൊല്ലത്ത് സിപിഐ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സിപിഎമ്മും സിപിഐയും നാല് വീതം സീറ്റുകളിലായിരുന്നു മത്സരിച്ചത്. കൊല്ലം, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര സീറ്റുകളിലായിരുന്നു സിപിഎം മത്സരിച്ചത്. പുനലൂർ, ചടയമംഗലം, ചാത്തന്നൂർ കരുനാപ്പള്ളി സീറ്റുകളിൽ സിപിഐയും മത്സരിച്ചു. കുന്നത്തൂർ സീറ്റിൽ കോവൂർ കുഞ്ഞുമോന്റെ ആർഎസ്‌പി (എൽ)യും പത്തനാപുരത്ത് കേരള കോൺഗ്രസ് ബിയും വിജയിച്ചപ്പോൾ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനായിരുന്നു ചവറ അനുവദിച്ചത്. മത്സരിച്ച എല്ലാ സീറ്റിലും ഇടത് സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്തും. ഇത്തവണ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞ് ആറെണ്ണമായെങ്കിലും ഉയർത്താനാണ് സിപിഎം ശ്രമിക്കുന്നത്.

എൻ വിജയൻപിള്ളയുടെ മരണത്തെ തുടർന്ന് ചവറ സീറ്റ് ഇത്തവണ സിപിഎം ഏറ്റെടുത്തേക്കും. സിഎംപി അരവിന്ദാക്ഷൻ വിഭാഗം നേരത്തെ സിപിഎമ്മിൽ ലയിച്ചതും അവർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ സിപിഎം ലക്ഷ്യം വെക്കുന്ന മറ്റൊരു സീറ്റ് കുന്നത്തൂർ ആണ്. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിൽ കോവൂർ കുഞ്ഞുമോന് നൽകിയ സീറ്റ് ഇത്തവണ തിരികെ എടുക്കണമെന്ന ആവശ്യത്തിൻ സിപിഎമ്മിൽ ശക്തിയേറിയിട്ടുണ്ട്.

ചവറയും കുന്നത്തൂരും ലഭിക്കുകയാണെങ്കിൽ സിപിഎമ്മിന് ആറ് സീറ്റുകൾ ലഭിക്കും. എന്നാൽ കോട്ടയത്ത് കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുക്കുന്നതിന് പകരമായി കൊല്ലത്ത് ഒരു സീറ്റ് എന്ന ആവശ്യം സിപിഐ ശക്തമാക്കിയിട്ടുണ്ട്. കോവൂർ കുഞ്ഞുമോനെ സിപിഐയിൽ ലയിപ്പിച്ച് ആ സീറ്റ് അവർക്ക് നൽകാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കോവൂർ കുഞ്ഞുമോൻ അത് തള്ളി.